കാലടി: കാലടിയിൽ എം.ഡി.എം.എ. പിടികൂടിയ കേസിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വല്ലം റയോൺപുരം അമ്പാടൻ വീട്ടിൽ സിയാദ് (43), സൗത്ത് വല്ലം വടക്കേക്കുടി സിദ്ദിഖ് (57) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മേയ് 28ന് കാലടിയിൽ 100 ഗ്രാം എം.ഡി.എം.എയുമായി മറ്റൂർ സ്വദേശിനി ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരെ പിടികൂടിയിരുന്നു. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി ബസിൽ വന്നിറങ്ങിയ ബിന്ദുവിനെ സ്‌കൂട്ടറിൽ കൊണ്ടുപോകുമ്പോഴാണ് അന്വേഷണസംഘം പിടികൂടിയത്. ബിന്ദുവും ഷെഫീഖും ഒരുമിച്ചാണ് ബാംഗ്ലൂരിൽ പോയി മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഷെഫീഖിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയാണ് അറസ്റ്റിലായ സിയാദ്. രാസലഹരി വാങ്ങുന്നതിനായി 90,000 രൂപ നൽകി അയച്ചതും ലൊക്കേഷൻ അയച്ചുകൊടുത്തതും ഇയാളാണ്. പ്രതികൾക്ക് മയക്കുമരുന്ന് ഇടപാടുകൾക്കായി വാഹനം എത്തിച്ചുനൽകിയത് സിദ്ദിഖാണ്.
പെരുമ്പാവൂർ എ.എസ്.പി. ഹാർദിക് മീണ, കാലടി ഇൻസ്‌പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, സബ് ഇൻസ്‌പെക്ടർ ജോസി എം. ജോൺസൺ, എ.എസ്.ഐ.മാരായ പി.എ. അബ്ദുൾ മനാഫ്, നൈജോ സെബാസ്റ്റ്യൻ, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്‌സൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.