കോലഞ്ചേരി: മണ്ണൂർ പോഞ്ഞാശ്ശേരി റോഡിലെ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിലെ റോഡ് നവീകരണം ഇനിയും നീളും. നവീകരണത്തിന് അനുവദിച്ച തുക അപര്യാപ്തമായതിനെ തുടർന്നാണ് പണി അനിശ്ചിതമായി നീളുന്നത്. 2019ൽ മണ്ണൂർ പോഞ്ഞാശേരി റോഡ് നവീകരണം തുടങ്ങിയപ്പോൾ ഒഴിവാക്കിയിട്ട ഭാഗമാണിത്. മണ്ണൂരിൽ നിന്നുള്ള റോഡിന്റെ 12-ാം കിലോമീറ്ററിൽ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള ഭാഗം ഒഴിവാക്കിയായിരുന്നു നിർമ്മാണം. ഇവിടെ റോഡിന് കിഫ്ബിയുടെ പുനർ നിർമാണത്തിന് അനുവദനീയമായതിന് താഴെ മാത്രമാണ് വീതിയുള്ളത്. അതുകൊണ്ടാണ് തുടക്കത്തിൽ റോഡ് നവീകരണത്തിന് തടസം നേരിട്ടത്. മറ്റിടങ്ങളിൽ പണി തീർന്നതോടെ ഈ റോഡിലെ യാത്രയ്ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള മേഖലയായി ഇവിടം മാറി.
നിരവധി പരാതികൾ ഉയർന്നതോടെ ഇന്റർ ലോക്ക് കട്ട വിരിച്ച് പ്രശ്നം തത്ക്കാലം പരിഹരിച്ചെങ്കിലും വിരിച്ച കട്ടകൾ ഇളകി വലിയ അപകടങ്ങൾക്ക് വഴിമാറി. വീണ്ടും പരാതി ഉയർന്നതോടെ കട്ടവിരിച്ച ഭാഗത്ത് വീണ്ടും ഇളക്കി വിരിച്ച് അറ്റകുറ്റ പണി നടത്തിയെങ്കിലും ശാശ്വത പരിഹാരമായില്ല. ഭാരവാഹനങ്ങൾ സ്ഥിരം സഞ്ചരിക്കുന്ന വഴിയായതോടെ കട്ട ഇളകുന്നത് പതിവായി.
പ്രതലത്തിന് ബലക്കുറവ്
ഈ ഭാഗത്ത് റോഡിന്റെ പ്രതലത്തിന് ബലക്കുറവുള്ളതിനാൽ ഇരുന്ന് പോകുന്നുവെന്നതാണ് പ്രശ്നമെന്ന് അധികൃതർ പറയുന്നു. മണ്ണിട്ട് പൊക്കിയാണ് നേരത്തെ റോഡ് നിർമിച്ചതെന്നതിനാൽ ശക്തമായ മഴ പെയ്ത് മാറുമ്പോൾ റോഡ് ഇരുന്ന് പോകുന്നുണ്ടെന്നാണ് കിഫ്ബി അധികൃതരുടെ വിശദീകരണം.
2024 സെപ്തംബറിൽ ഈ ഭാഗത്തെ നവീകരണത്തിനായി കിഫ്ബി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ തുകയും പുനർനിർമാണത്തിന് തികയില്ലെന്നാണ് കെ.ആർ.എഫ്.ബി അധികൃതർ പറയുന്നത്. അതു കൊണ്ടുതന്നെ നവീകരണം അനിശ്ചിതമായി നീളുകയാണ്. മൂവാറ്റുപുഴ ഭാഗത്തു നിന്ന് ആലുവയിലേയ്ക്ക് പോകുന്നവർക്ക് പെരുമ്പാവൂർ ടൗണിലെ തിരക്കൊഴിവാക്കി യാത്ര ചെയ്യാൻ കഴിയുന്ന ഏക വഴിയാണിത്.
കൂടുതൽ തുക അനുവദിക്കുന്നതിനായി കിഫ്ബി വിശദമായ പരിശോധന നടത്തുന്നുണ്ട്. തുക അനുവദിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. താത്കാലികമായി ഈ ഭാഗത്തെ കുഴികൾ അടക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് കെ.ആർ.എഫ്.ബിയിൽ നിന്നറിയിച്ചത്.
കെ.ആർ. ജയശേഖർ,
പൊതുപ്രവർത്തകൻ
മണ്ണൂർ