പെരുമ്പാവൂർ: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് വാടകയെന്ന പേരിൽ പെരുമ്പാവൂരിൽ ഡ്രൈവിംഗ് സ്‌കൂളുകളുടെ പകൽക്കൊള്ള. സർക്കാർ ഉടമസ്ഥതയിൽ പെരുമ്പാവൂരിൽ ഗ്രൗണ്ട് ഇല്ലാത്ത അവസ്ഥ മുതലെടുത്താണ് സ്‌കൂളുകളുടെ കഴുത്തറുപ്പൻ നടപടി. ഡ്രൈവിംഗ് സ്‌കൂളുകളുടെ സംഘടന പട്ടാലിൽ ജോയിന്റ് ആർടി ഓഫിസിന് എതിർവശത്തുള്ള 50 സെന്റ് സ്ഥലം വാടകയ്ക്ക് എടുത്ത് ഗ്രൗണ്ടാക്കി മാറ്റിയാണ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റ് ദിവസം 250 മുതൽ 500 രൂപ വരെയാണ് ഓരോ പഠിതാക്കളിൽ നിന്നും സ്‌കൂളുകൾ ഈടാക്കുന്നത്. ഈ വാടക തുകയ്ക്ക് ഏകീകൃത രൂപമില്ല. തോന്നിയ പോലെയാണ് ഓരോ സ്‌കൂളും പണം ഈടാക്കുന്നതെന്ന് പഠിതാക്കൾ പറയുന്നു . പഠിപ്പിക്കുന്നതിനും ആർ.ടി ഓഫിസിൽ അടയ്‌ക്കേണ്ട ഫീസിനും പുറമെയാണ് ഈ തുക ഈടാക്കുന്നത്.
സ്വകാര്യ ഗ്രൗണ്ടിന്റെ മാസ വാടക 25000 രൂപയാണ്. ആഴ്ചയിൽ 5 ദിവസമാണ് ഇരുചക്ര, മുച്ചക്ര, നാലു ചക്ര വാഹനങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നത്. ഒരു ബാച്ചിൽ 40 പേരുണ്ടാകും. ചില ദിവസം 2 ബാച്ചുകൾ അനുവദിക്കും. കൂടാതെ പ്രത്യേക അനുമതിയോടെ ടെസ്റ്റിനെത്തുന്നവരും ഉണ്ട്. ദിവസവും ഗ്രൗണ്ട് വാടകയിനത്തിൽ ചുരുങ്ങിയത് 15,000 മുതൽ 20,000 രൂപ വരെ ലഭിക്കും.
ടെസ്റ്റിനെത്തുന്നവർക്ക് ശുചിമുറി സൗകര്യമോ ശുദ്ധജലമോ ഇവിടെ ലഭ്യമല്ല. ടെസ്റ്റ് നടത്തുമ്പോൾ ഓരോ സ്‌കൂളിന്റെയും ഒരോ ഇൻസ്ട്രക്ടർക്കാണ് പ്രവേശനാനുമതി നൽകിയിരിക്കുന്നതെങ്കിലും കൂടുതൽ പേർ പ്രവേശിക്കുന്നത് പതിവാണ്.
മലമുറിയിൽ ആർ.ടി ഓഫീസും ടെസ്റ്റ് ഗ്രൗണ്ടും നിർമ്മിക്കാൻ 60 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ല.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് വാടകയെന്ന രീതിയിൽ തുക ഈടാക്കുന്നുവെന്ന പരാതിയിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളോട് വിശദീകരണം തേടിയിട്ടുണ്ട്. ആശാൻ ഫീസ് എന്ന നിലയിലാണ് തുക വാങ്ങുന്നതെന്നാണ് ഇവരുടെ വിശദീകരണം. 150 രൂപയിൽ കൂടുതൽ ഗ്രൗണ്ട് വാടകയായി വാങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എസ്. പ്രദീപ്
ജോയിന്റ് ആർ.ടി.ഒ