കാക്കനാട്: അങ്കണവാടിയിൽ ഉച്ചഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെ മൂന്ന് വയസുകാരിയുടെ ദേഹത്തേക്ക് അണലി വീണ സംഭവത്തിൽ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും വനംവകുപ്പിലെ പാമ്പ് പിടിത്ത വിദഗ്ദ്ധരും പരിശോധന നടത്തി. അങ്കണവാടി പരിസരത്തെ കാടുകൾ നഗരസഭയുടെ നേതൃത്വത്തിൽ വെട്ടിമാറ്റി.
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപത്തെ ഇല്ലത്ത്മുകളിൽ തൃക്കാക്കര നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് അങ്കണവാടിയിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകൾഭാഗത്തുനിന്ന് പെൺകുട്ടിയുടെ ദേഹത്തേക്ക് അണലി വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാർ പാമ്പിനെ ഓടിച്ചുവിട്ട് കുട്ടിയെ രക്ഷപ്പെടുത്തി. ആറു കുട്ടികളാണ് അങ്കണവാടിയിലുള്ളത്. സംഭവത്തിന് പിന്നാലെ കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ചു. പാമ്പുകടിയേറ്റിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ആൾത്താമസം ഇല്ലാതെ കാടുകയറിയ എൻ.ജി.ഒ ക്വാർട്ടേഴ്‌സുകളാണ് അങ്കണവാടിക്ക് ചുറ്റുമുള്ളത്. ഈ പ്രദേശങ്ങൾ അടിയന്തരമായി വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.