മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിലെ കൂലിത്തർക്കത്തിൽ മീൻഇറക്ക് തൊഴിലാളികളും ബോട്ട് ഓണേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹാരമില്ലാതെ തുടരുന്നു.
പേഴ്സിൻ നെറ്റ്ബോട്ട് മീനിറക്ക് തൊഴിലാളികളുടെ കൂലിത്തർക്കത്തിൽ തൊഴിലാളികളുടെ വേതനം കുറയ്ക്കാത്ത എന്ത് ചർച്ചയ്ക്കും തയ്യാറാണെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കുമ്പോഴും ബോട്ട് ഓണേഴ്സ് അസോസിയേഷൻ അവരുടെ വാദത്തിൽ ഉറച്ചുനിൽക്കുകയാണ്.
ബോട്ടിൽ ജോലിചെയ്യുന്നതിന്റെ കൂലിയായി 2006ന് മുമ്പ് മത്സ്യമാണ് നൽകിയിരുന്നത്. 2006 മുതൽ മൂന്നുശതമാനം കൂലിയായി. 2011ൽ ഫിഷിംഗ് ഹാർബറിന്റെ വികസനത്തിനായി രണ്ട് ശതമാനമാക്കി കുറച്ചു. ഇക്കാലയളവിൽ മറ്റ് തൊഴിൽമേഖലകളിൽ വേതന വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിലും ഹാർബർ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യൂണിയൻ അന്ന് വിട്ടുവീഴ്ചക്ക് തയ്യാറായതെന്ന് യൂണിയൻ പ്രസിഡന്റ് കെ.എം. റിയാദ് പറഞ്ഞു. ഇപ്പോൾ ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഏകപക്ഷീയമായ നിലപാടുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ബോട്ടിന്റെ പ്രവർത്തനച്ചെലവ് വർദ്ധിച്ചതാണ് ശതമാനം കുറയ്ക്കാൻ കാരണമായി ബോട്ടുടമകൾ പറയുന്നത്.
തൊഴിലാളികളുടെ ജീവിതച്ചെലവ് വർദ്ധിച്ച ഘട്ടത്തിലും പതിനെട്ട് വർഷമായി തൊഴിലാളികൾ യാതൊരു വർദ്ധനവും ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ബാലിശമായ സമീപനമാണ് ബോട്ടുടമകൾ സ്വീകരിക്കുന്നതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
ഹാർബറിലെ ഭൂരിപക്ഷം തൊഴിലാളികൾക്കും സ്വന്തമായി വീടില്ല.വാടകയ്ക്കും പണയത്തിനുമാണ് പലരും താമസിക്കുന്നത്. ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഏകപക്ഷീയമായി തൊഴിലാളികളുടെ വേതനം തടഞ്ഞുവച്ചത് നിയമവിരുദ്ധമാണ്. എന്നാൽ തീരുമാനമായിട്ട് തരാമെന്ന സമീപനമാണ് ബോട്ടുടമകൾ സ്വീകരിക്കുന്നത്.
* പ്രതിഷേധം ശക്തമാക്കും
പണിയെടുത്ത കൂലി തരണമെന്നും ഹാർബറിൽ കച്ചവടം നടത്തി കാശുണ്ടാക്കി പുറത്ത് ബിസിനസ് ചെയ്യുന്ന മുതലാളിമാർ തൊഴിലാളികളുടെ കൂലി നൽകിയില്ലെങ്കിൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും കൊച്ചിൻ പോർട്ട് ലേബർ യൂണിയൻ പ്രസിഡന്റ് കെ.എം റിയാദ്, സെക്രട്ടറി ബെന്നി ഫെർണാണ്ടസ് എന്നിവർ പറഞ്ഞു. തൊഴിലാളിവിരുദ്ധ സമീപനം സ്വീകരിക്കുന്ന ബോട്ട് ഓണേഴ്സ് അസോസിയേഷൻ നിലപാടിനെതിരെ ഹാർബറിലെ മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഹാർബറിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാവിധ ചർച്ചകൾക്കും യൂണിയൻ സന്നദ്ധമാണെന്നും നേതാക്കൾ വ്യക്തമാക്കി.