തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിൽ മീൻ ഇറക്ക് തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിലുള്ള കൂലിത്തർക്കം കാരണം ഹാർബറിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിൽ രണ്ട് ബോട്ട് ഉടമകൾക്ക് മർദ്ദനമേറ്റതിനു പിന്നാലെ ഇന്നലെ രാവിലെയും ഗിൽനെറ്റ് വിഭാഗം ബോട്ട് ഉടമയും ബയിംഗ് ഏജന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സി.ബി. റഷീദിന് മർദ്ദനമേറ്റു. ഇതോടെ എല്ലാ വിഭാഗം ബോട്ട് ഉടമകളും പ്രതിഷേധവുമായി രംഗത്തെത്തി.
സാമ്പത്തിക നഷ്ടം രൂക്ഷം
ഇന്ന് ഹാർബർ വ്യവസായ സമിതിയുടെ നേതൃത്വത്തിൽ ഹാർബർ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ബോട്ട് ഉടമകളും കച്ചവടക്കാരും പങ്കാളികളാകും. ഇന്നലെ പേഴ്‌സിൻ ബോട്ടുകളൊന്നും കടലിൽ പോയില്ല. ഹാർബറിൽ നിന്ന് സാധാരണ 47 ബോട്ടുകളാണ് കടലിൽ പോകുന്നത്. മത്സ്യം നന്നായി ലഭിക്കുന്ന ഈ സമയത്ത് ബോട്ടുകൾ കടലിൽ പോകാത്തതുകൊണ്ട് ഒരു ദിവസം മാത്രം ഏകദേശം 2 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബോട്ട് ഉടമകൾ പറയുന്നു.