റേഷൻ വ്യാപാരികളുടെ
കമ്മിഷൻ തുച്ഛം
കൊച്ചി: റേഷൻകടകളിൽ മണ്ണെണ്ണ നേരിട്ട് എത്തിച്ചുനൽകാൻ സർക്കാർ മൂന്ന് മാസത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എൻ. നഗരേഷാണ് ഉത്തരവിട്ടത്. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണിത്.
നിലവിൽ ഒരു റേഷൻകടയ്ക്ക് ശരാശരി 300 ലിറ്റർ മണ്ണെണ്ണയാണ് അനുവദിക്കുന്നത്. കമ്മിഷനായി ലഭിക്കുക 1800 രൂപ. ഇതിൽ നിന്ന് മൊത്തവിതരണ കേന്ദ്രത്തിലെത്തി മണ്ണെണ്ണ എടുക്കുന്നതിന്റെ വാഹനച്ചലവും മറ്റും റേഷൻ വ്യാപാരികൾക്ക് താങ്ങാൻ കഴിയില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. മണ്ണെണ്ണ എടുക്കാനുള്ള ചെലവ് കണക്കാക്കിയാണ് ജൂൺ ഒന്ന് മുതൽ കമ്മിഷൻ ലിറ്ററിന് 3.70 രൂപയിൽ നിന്ന് ആറായി വർദ്ധിപ്പിച്ചതെന്ന സർക്കാർ വാദം സിംഗിൾ ബെഞ്ച് തള്ളി.
കൊല്ലം ജില്ലയിൽ മൊത്തവ്യാപാരികൾ റേഷൻകടകളിൽ മണ്ണെണ്ണ നേരിട്ട് എത്തിക്കുകയാണ്. ഇതിന് ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു.
വിതരണ കേന്ദ്രങ്ങളും
ക്വാട്ടയും കുറഞ്ഞു
മണ്ണെണ്ണ കൂടുതൽ അളവിൽ അനുവദിച്ചിരുന്നപ്പോൾ റേഷൻ വ്യാപാരികൾ മൊത്തവിതരണ കേന്ദ്രങ്ങളിലെത്തി എടുക്കുമായിരുന്നു. സംസ്ഥാനത്ത് 240 മൊത്തവിതരണ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. നിലവിൽ മണ്ണെണ്ണ ക്വാട്ട കുറവായതിനാൽ ജില്ലകളിൽ ഒന്നോ രണ്ടോ വച്ച് ആകെ 30 മൊത്ത വിതരണകേന്ദ്രങ്ങളേയുള്ളൂ. അതിനാൽ മണ്ണെണ്ണ എടുക്കാനായി 60 മുതൽ 80 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.