അങ്കമാലി: ജാതി കർഷകരെ പ്രതിസന്ധിയിലാക്കി കാലാവസ്ഥാ വ്യതിയാനം. കനത്ത മഴയെ തുടർന്ന് ഇലയും കായും പൂവും വലിയ തോതിൽ കൊഴിഞ്ഞു പോകുന്നത് കർഷകരെ വലിയ സാമ്പത്തിക തകർച്ചയിലേക്കാണ് തള്ളിവിടുന്നത്. മദ്ധ്യകേരളത്തിലെ ഏറ്റവും പ്രധാന വിളയായ ജാതിക്കൃഷിക്കാണ് ഈ വർഷം ഉണ്ടായ അതിവർഷത്തിൽ വൻ തിരിച്ചടിയുണ്ടായത്. ജനുവരി മുതൽ നവംബർ വരെ കിട്ടേണ്ട വിളവ് അതിവർഷത്താൽ നശിച്ചുപോയി. ജാതി തോട്ടങ്ങളിലെ മരങ്ങൾ പലതും ഇല ഇല്ലാതെ ശിഖരം ഉണങ്ങിയ നിലയിലാണ്.
എറണാകുളം ജില്ലയിൽ ഏറ്റവും അധികം ജാതി കൃഷിയുള്ളത് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ്. ഏകദേശം 4 ലക്ഷത്തോളം ജാതി മരങ്ങളാണ് ഈ മേഖലയിലുള്ളത്. ഇതിൽ കുറേ മരങ്ങൾ ഉണക്ക് വന്ന് നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ കാലർഷത്തിൽ മരങ്ങൾക്ക് കേട് ബാധിച്ചിരിക്കുന്നത്.
3 ലക്ഷത്തോളം മരങ്ങളിൽ നിന്ന് പഴയ അളവിൽ പരിപ്പും ജാതിപത്രിയും ലഭിക്കാതെ പോയിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ വർഷം കർഷകർക്കുണ്ടായിരിക്കുന്നത്.
അതിവർഷം ശക്തമായതോടെ ഇലകൾക്ക് അടിയിൽ ഈർപ്പം പടർന്നുണ്ടായ നാല് ഇനം ഫംഗസാണ് കൃഷിക്ക് നാശം ഉണ്ടായതെന്ന് സ്ഥലം സന്ദർശിച്ച കാർഷിക സർവകലാശാല ഉദ്യോഗസ്ഥർ.
സർക്കാരും കൃഷിവകുപ്പും മുൻകൈ എടുത്ത് ഇതിന് പരിഹാരം ഉണ്ടാക്കണം.
കൃഷിക്കാരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജാതി കർഷക സഹകരണ സംഘം
കൃഷിവകുപ്പിന്റെയും കാർഷിക യൂണിവേഴ്സിറ്റിയുടെയും സത്വരശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആവശ്യം.
തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ്, കാർഷിക യൂണിവേഴ്സിറ്റി പ്രൊഫ. എസ്. മഞ്ജു , അങ്കമാലി ബ്ലോക്ക് ജാതി കർഷക സഹകരണ സംഘം പ്രസിഡന്റ് എം.കെ. തോമസ്, സെക്രട്ടറി പി.സി. ചുമ്മാർ, എറണാകുളം മേഖല ജാതി കർഷക സമിതി പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ എന്നിവർ കൃഷിനാശം സംഭവിച്ച ഇടങ്ങൾ സന്ദർശിച്ച് കൃഷി വകുപ്പ് അധികൃതരോട് അടിയന്തര നടപടി ആവശ്യപ്പെട്ടു.
ജാതി മരങ്ങളെ നശിപ്പിക്കുന്ന ഫംഗസിനെ തുരത്താൻ കാർഷിക വകുപ്പ് വികസിപ്പിച്ചെടുത്ത പ്രതിരോധ കീടനാശിനികളും, മരുന്നുകളും പ്രയോഗിക്കണം. ഇത്തരം പ്രതിരോധ ചികിത്സ നടത്തിയില്ലെങ്കിൽ മേഖലയിലെ ജാതിക്കൃഷി നാമാവശേഷമാകും
പി.സി. ചുമ്മാർ,
സെക്രട്ടറി,
ജാതി കർഷക
സഹകരണ സംഘം,
അങ്കമാലി ബ്ലോക്ക്
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തോട്ടങ്ങളിലെത്തി സൗജന്യമായി പ്രതിരോധ പ്രവർത്തനം ഊർജിതമായി നടപ്പിലാക്കിയാൽ മാത്രമെ ഈ മേഖലയിലെ കർഷകർക്ക് പിടിച്ചു നിൽക്കാനാകൂ.
ബി.വി. അഗസ്റ്റിൻ,
പ്രസിഡന്റ്,
ജാതികർഷക സമിതി,
എറണാകുളം മേഖല