ആലുവ: 11 മാസത്തിനകം തീർക്കേണ്ട പദ്ധതിയാണെങ്കിലും കനത്ത മഴയെ തുടർന്ന് ഇഴഞ്ഞു നീങ്ങിയ ആലുവ മാർക്കറ്റ് സമുച്ചയ നിർമ്മാണം മഴക്ക് ശമനമായതോടെ വേഗതയേറി. മൂന്നാഴ്ച മുമ്പാരംഭിച്ച പൈലിംഗ് ജോലികളെല്ലാം അതിവേഗം പുരോഗമിക്കുകയാണ്. ഒപ്പം കമ്പികെട്ടും മണ്ണ് നീക്കലുമെല്ലാം വേഗത്തിലായി.
50 കോടി രൂപ ചെലവിൽ പെരിയാറിന്റെ തീരത്ത് നിർമ്മിക്കുന്ന അത്യാധുനിക മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിന് മെയ് 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കല്ലിട്ടത്. 11 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും മഴയെ തുടർന്ന് ഒന്നര മാസത്തോളം ഇഴഞ്ഞാണ് നീങ്ങിയത്. നിർദ്ദിഷ്ട സ്ഥലം ഷീറ്റുകൾ ഉപയോഗിച്ച് അതിർത്തി മറയ്ക്കുന്ന ജോലികൾ പൂർത്തീകരിച്ചപ്പോഴേക്കും ഒന്നരമാസം പിന്നിട്ടിരുന്നു. ഒന്നര അടിയോളം ആഴത്തിൽ മണ്ണ് നീക്കിയ ശേഷമാണ് പൈലിംഗ് നടത്തുന്നത്. പൈലിംഗിനും കമ്പി കെട്ടലിനുമായി സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകളിൽപ്പെട്ട 16 പേരാണ് ജോലി ചെയ്യുന്നത്.
തീരദേശ വികസന കോർപ്പറേഷനിൽ നിന്ന് ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മാണ കരാർ എടുത്തതെങ്കിലും പാലക്കാട് കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ് പൈലിംഗ് ജോലി ചെയ്യുന്നത്. പൈലിംഗ് കഴിഞ്ഞ് ഊരാളുങ്കൽ നിർമ്മാണം ഏറ്റെടുത്താൽ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തികൾ നടക്കും.
മണ്ണിനടിയിൽ മണൽകൂന
മാർക്കറ്റ് നിർമ്മാണത്തിന്റെ ഭാഗമായി ഭൂനിരപ്പിൽ നിന്നും പത്തടിയോളം ആഴത്തിൽ മണ്ണ് നീക്കുന്നുണ്ട്. രണ്ടോ മൂന്നോ അടി കഴിഞ്ഞപ്പോഴേക്കും അടിയിൽ ശുദ്ധമായ മണൽകൂനയാണ്. കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ മണൽ ഇവിടെ നിന്ന് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 മാർച്ച് 31നകം തീർക്കണം
മുഖ്യമന്ത്രിയുടെയും ഫിഷറീസ് വകുപ്പ് മന്ത്രിയുടെയും പ്രഖ്യാപനം അനുസരിച്ച് 2025 മാർച്ച് 31നകം നിർമ്മാണം പൂർത്തിയാക്കണം. 11 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് ശിലാസ്ഥാപന ചടങ്ങിൽ മുഖ്യമന്ത്രിയും സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാലുനിലകളിലായി 1,82,308 ചതുരശ്ര അടിയിലുള്ള നിർമ്മാണം നിശ്ചിത സമയത്ത് തീരുമോയെന്ന ആശങ്കയുണ്ട്.
റസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ് എന്നിവ കൂടാതെ 88 ഷോപ്പുകളുമുണ്ടാകും. ലേഡീസ്, ജെന്റ്സ്, ട്രാൻസ്ജെൻഡേഴ്സ്, ശാരീരിക പരിമിതിയുള്ളവർ എന്നിവർക്കായി പ്രത്യേകം ടോയ്ലെറ്റുകൾ. ലിഫ്റ്റ്, എസ്കലേറ്റർ, ടൈലുകൾ പതിച്ച റാമ്പ്. മത്സ്യമാംസാദികൾ ശീതീകരിക്കുന്നതിനാവശ്യമായ സൗകര്യം, മലിനജല സംസ്കരണപ്ലാന്റ് തുടങ്ങിയവയും രൂപരേഖയിലുണ്ട്.