sona
ആത്മഹത്യ ചെയ്ത സോന എൽദോസിന്റെ മാതാവ് ബിന്ദുവിനെ കറുകടത്തെ വീട്ടിലെത്തി പി.കെ.ശ്രീമതി ആശ്വസിപ്പിക്കുന്നു

കോതമംഗലം: കോതമംഗലം കറുകടത്ത് ആത്മഹത്യ ചെയ്ത ടി.ടി.സി വിദ്യാർത്ഥിനി സോന എൽദോസിന്റെ വീട് രണ്ട് കേന്ദ്രമന്ത്രിമാർ സന്ദർശിച്ചത് സംശയാസ്പദമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി​.കെ. ശ്രീമതി പറഞ്ഞു. സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായ മറ്റ് പല സ്ഥലങ്ങളിലും ഇവർ പോയിട്ടില്ല. സംഭവത്തെ വഴിതിരിച്ച് വിട്ട് കേരളത്തെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കണമെന്ന് പി​.കെ. ശ്രീമതി വിശദീകരിച്ചു. സോനയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. സോനയുടെ ആത്മഹത്യ ദൗർഭാഗ്യകരമാണ്. വിവാഹം നടത്തണമെങ്കിൽ മതംമാറണമെന്ന നിർബന്ധമാണ് സോനയെ വേദനിപ്പിച്ചതും ആത്മഹത്യക്ക് കാരണമായതും. റെമീസിന് ദുരുദ്ദേശമുണ്ടായിരുന്നു എന്നുവേണം സംശയിക്കാൻ. കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. കേരളത്തിലെ പൊലീസ് ഈ കേസ് നല്ല രീതിയിലാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കുടുംബത്തിന്റെ നിയമപോരാട്ടങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും പി.കെ. ശ്രീമതി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി.എസ്. സുജാത, ആന്റണി ജോൺ എം.എൽ.എ എന്നിവർ ഒപ്പമുണ്ടായിരുന്നു.