പറവൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ 'നന്മ"യുടെ ഏഴാം സംസ്ഥാന സമ്മേളനം ഇന്നു മുതൽ 17 വരെ പറവൂരിൽ നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് ചെറായി സഹോദരൻ സ്മാരകത്തിൽ നിന്ന് സമ്മേളന പതാക ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന വേദിയായ പറവൂർ ടൗൺഹാളിലെത്തും.

തുടർന്ന് 'കല - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം" എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.എം. പിയേഴ്സൺ വിഷയാവതരണം നടത്തും.

16ന് രാവിലെ 10ന് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപാട്ട് അദ്ധ്യക്ഷനാകും. കലാ സാംസ്കാരിക പ്രവർത്തകരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആദരിക്കും. കെടാമംഗലം സദാനന്ദൻ ജന്മശതാബ്ദി പ്രഭാഷണം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി നിർവഹിക്കും.

വൈകിട്ട് 5.30ന് 'കലയും സമൂഹവും സമകാലവും" എന്ന വിഷയത്തിൽ ഡോ.സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. 17ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം, ഭാരവാഹി തിരഞ്ഞെടുപ്പ്, കലാപരിപാടികൾ.

14 ജില്ലകളിൽ നിന്നായി 505 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സേവ്യർ പുൽപ്പാട്ട്, അജിത്ത്കുമാർ ഗോതുരുത്ത്, ഷേർളി മൈത്രി, ദിനേശ് പുലിമുഖത്ത്, എൻ.എൻ.ആർ കുമാർ, ഷിറോൺ അർച്ചന എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.