കെ.കെ. രത്‌നൻ
വൈപ്പിൻ : ഡോക്ടർമാരുടെ കുറവ് കൊണ്ട് ഇടക്കാലത്ത് തളർന്ന് പോയ മാലിപ്പുറം കുടുംബാരോഗ്യകേന്ദ്രം വീണ്ടും ഉഷാറായി. അവധിയിലായിരുന്ന മൂന്ന് ഡോക്ടർമാരും ആശുപത്രിയിൽ തിരിച്ചെത്തി ചുമതലയേറ്റു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ശ്രമഫലമായി എൻ.ആർ.എച്ച്.എം വഴി നിയമിച്ച ഒരു ഡോക്ടർ കൂടി ഇന്ന് ചുമതലയേൽക്കും. ഇതോടെ ആറ് ഡോക്ടർമാരുടെ സേവനമുണ്ടാകും.
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒ.പി പ്രവർത്തിക്കും. തൈറോയിഡ് ഉൾപ്പെടെ 65 തരം രക്തപരിശോധനകൾ ഇവിടെ നടത്തി വരുന്നുണ്ട്. ലാബ് രാവിലെ 8 മുതൽ തുടങ്ങുന്നതിനായി ഒരു ജീവനക്കാരനെ കൂടി നിയമിക്കാൻ എച്ച്.എം.സി തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ഡോക്ടർമാരുടെ കുറിപ്പടി അനുസരിച്ച് വരുന്നവരുടെ ടെസ്റ്റുകൾ കൂടി നടത്തിക്കൊടുക്കുന്നതിനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്. ഒ.പിയിലെത്തുന്നവർക്ക് ടോക്കൺ ഡിസ്‌പ്ലേ സംവിധാനവുമുണ്ട്.
മാസത്തിൽ ഒരു ദിവസം സൈക്യാട്രിസ്റ്റിന്റെ സേവനവും എല്ലാ ദിവസവും ഡെന്റിസ്റ്റിന്റെ സേവനവും ഫിസിയോതെറാപ്പി, കണ്ണ് പരിശോധന എന്നിവയുമുണ്ട്. പാലിയേറ്റീവ് കെയർ, ഹോം കെയർ എന്നിവ ഡോക്ടറോട് കൂടിയുള്ള സേവനവുമുണ്ട്.
എച്ച്.എം.സി തീരുമാന പ്രകാരം താത്കാലികമായി നിയമിക്കുന്ന ജീവനക്കാരുടെ ശമ്പളം നൽകേണ്ടത് എച്ച്.എം.സിയാണ്. ഒ.പി.ടിക്കറ്റിന് ഈടാക്കുന്ന 2 രൂപയും ഇവിടെ ട്രെയിനിംഗിന് വിദ്യാർത്ഥികളെ അയക്കുന്ന സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ നിന്ന് ഒരാൾക്ക് 1000 രൂപ വീതം ഈടാക്കുന്ന ഫീസുമാണ് എച്ച്.എം.സിയുടെ വരുമാനം.
സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കാതെ ചികിത്സ തേടണമെങ്കിൽ കിടത്തി ചികിത്സ കൂടി ഏർപ്പെടുത്തേണ്ടതുണ്ട്. ആശുപത്രിയുടെ ഭരണചുമതലയുള്ള ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും ഇതിനുള്ള വഴി തേടുന്നുണ്ട്. ആവശ്യമായ കെട്ടിടങ്ങളും കിടക്കകളുമുണ്ടെങ്കിലും ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കണം. ഇതിനായി ആരോഗ്യ വകുപ്പ് മന്ത്രിയെ സമീപിക്കാൻ കഴിഞ്ഞദിവസം കൂടിയ എച്ച്എം.സി യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ, മെഡിക്കൽ ഓഫീസർ ഡോ. ചെറിയാൻ വിതയത്തിൽ, കെ.എച്ച്. ആഷാദ്, എ.കെ.ശശി, ആന്റണി സജി, എം.എച്ച്. റഷീദ്, ഫ്രാൻസിസ് ചമ്മിണി, പി.ടി. വില്യം, കെ.ആർ. ആതിര (ജലഅതോറിറ്റി) ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ എൻ. അനുപമ, ഇ.എസ്. സൗമ്യ, നിലേഷ് സെബാൻ, ബിജു എന്നിവർ പങ്കെടുത്തു.