കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച മുതൽ ചികത്സാ സേവനങ്ങൾക്ക് വൻ ഇളവുകൾ നല്കുമെന്ന് ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബി.പി.എൽ കാർഡ് ഉടമകൾ ജനറൽവാർഡിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുമ്പോൾ നഴ്സിംഗ് ചാർജ്, പ്രൊഫഷണൽ ചാർജ്, ബെഡ് ചാർജ് ഉൾപ്പടെ സൗജന്യമായി നൽകും. കൂടാതെ ജനറൽ വാർഡ് ചികിത്സയിൽ നിലവിൽ ലഭിക്കുന്ന ഇളവുകൾ തുടർന്നുമുണ്ടാകും. ജനറൽ വാർഡിൽ അഡ്മിറ്റ് ചെയ്ത രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറിയാലും ജനറൽ വാർഡിൽ അതുവരെ ലഭിക്കേണ്ട ഇളവുകൾ അനുവദിക്കും. പൂതൃക്ക, ഐക്കരനാട് പഞ്ചായത്ത് നിവാസികൾക്ക് ജനറൽ വാർഡിൽ 10 ശതമാനം അധിക ഇളവുകളും പ്രഖ്യാപിച്ചു. ആശുപത്രി ബില്ലിലും ഇതേ ഇളവ് നൽകും. ആരോഗ്യ സംരക്ഷണം ആശ്വാസനിരക്കിൽ എന്ന ലക്ഷ്യത്തോടെ തിങ്കൾ മുതൽ ശനി വരെ ഒ.പിയിൽ ഉച്ചയ്ക്ക് 12.30 വരെ സൗജന്യ രോഗപരിശോധന ക്ളിനിക്കുകൾ ഉടൻ ആരംഭിക്കും. കൺസൾട്ടിംഗ് ഫീസ് പൂർണമായും സൗജന്യമായിരിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി, ഡെർമെറ്റോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി എന്നീ വിഭാഗങ്ങളിലാണ് സൗകര്യം ലഭിക്കുക. വാർത്താ സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ. പി.വി. തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. വർഗീസ് പോൾ, ഡയറക്ടർ സ്‌ട്രാറ്റജിക് പ്ലാനിംഗ് ആൻഡ് മെഡിക്കൽ സർവീസ് ഡോ. സോജൻ ഐപ്പ്, ചീഫ് കൺസൽട്ടന്റ് മീഡിയ ആൻഡ് കോഓർപ്പറേ​റ്റ് റിലേഷൻസ് കെ. ലാൽ ജോൺ, ചീഫ് ഫിനാൻസ് ഓഫീസർ അബി ജോർജ് എന്നിവർ പങ്കെടുത്തു.