കോലഞ്ചേരി: മണ്ണൂരിൽ അമിതവേഗതയിലും സൈലൻസർ രൂപ മാ​റ്റം വരുത്തിയും വിദ്യാർത്ഥി ഓടിച്ച ഇരുചക്രവാഹനം കുന്നത്തുനാട് പൊലീസ് കസ്​റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് മണ്ണൂരിലെത്തി സ്വകാര്യ സ്‌കൂളിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്നുമാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കൊണ്ടുവച്ച വാഹനമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു നടപടി. വിദ്യാർത്ഥിയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കീഴില്ലത്ത് അമിത വേഗത ചോദ്യം ചെയ്ത വയോധികനെ വീട്ടിലെത്തി കൈയേ​റ്റം ചെയ്യാനുള്ള ശ്രമം നടന്നിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.