പെരുമ്പാവൂർ: സർക്കാർ ജീവനക്കാരിയുടെ ഭർത്താവ് കൈപ്പറ്റിയിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ വെങ്ങോല പഞ്ചായത്ത് റദ്ദാക്കി. 20-ാം വാർഡിൽ താമസിക്കുന്ന സി.കെ. കുമാരൻ കൈപ്പറ്റിയിരുന്ന പെൻഷനാണ് റദ്ദ് ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. പെരുമ്പാവൂർ നഗരസഭയിൽ ശുചീകരണത്തൊഴിലാളിയാണ് ഇയാളുടെ ഭാര്യ. ഇവർ 2017 മുതൽ സർക്കാർ സർവീസിൽ സ്ഥിരം ജീവനക്കാരിയാണ്. ഭാര്യ ഏകദേശം 40,000 രൂപക്ക് അടുത്ത് ശമ്പളം കൈപ്പറ്റുന്നത് മറച്ചുവച്ച് കുമാരൻ 2021 ഫെബ്രുവരി മുതൽ 2025 ജൂൺ മാസം വരെ പെൻഷൻ വാങ്ങിയെന്നാണ് കണ്ടെത്തൽ. ഇത് ശ്രദ്ധയിൽപ്പെട്ട മാദ്ധ്യമ പ്രവർത്തകനായ കെ.കെ. സുമേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും ജില്ല കലക്ടർക്കും നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇടപെട്ടത്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വെങ്ങോല പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു. കുമാരന്റെ ഭാര്യ നൽകിയ വരുമാന സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ ഒരു വർഷം ഏകദേശം നാലര ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്നതായി വ്യക്തമായി. ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയ്ക്ക് എടുത്തപ്പോൾ ഭരണപക്ഷം നിസാരവത്കരിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ക്ഷേമപെൻഷൻ റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.