road

മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം റോഡരികിൽ ഗർത്തമുണ്ടായ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. എൽ.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം നേതാക്കളും സ്ഥലം സന്ദർശിച്ചു. എം.സി റോഡിന്റെ ഭാഗമായതിനാലാണ് സംസ്ഥാന ഹൈവേ വിഭാഗം സന്ദർശനം നടത്തിയത്. മണ്ണിടിഞ്ഞ് ഗർത്തമുണ്ടായ സ്ഥലത്ത് കെ.ആർ.എഫ്.ബി യുടെ നേതൃത്വത്തിൽ നടത്തിവന്ന മണ്ണ് നീക്കൽ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നിറുത്തിവച്ചു.

രണ്ട് തവണ ഗർത്തമുണ്ടായ ഈ ഭാഗത്ത് വിദഗ്ദ്ധ പരിശോധനയും ശാശ്വത പരിഹാരത്തിനുള്ള പദ്ധതിയും തയ്യാറാക്കാതെ താത്കാലിക നിർമ്മാണ പ്രവർത്തനം നടത്തിയാൽ ഭാവിയിൽ കൂടുതൽ അപകടമുണ്ടാകാനിടയാകും എന്നതിനാലാണ് മന്ത്രി ഇടപെട്ട് മണ്ണുനീക്കുന്നത് തടഞ്ഞത്.

ഗർത്തമുണ്ടായ ഭാഗത്ത് കുഴിച്ച ശേഷം ഇവിടം നികത്തി ടാർ ചെയ്യാനായിരുന്നു ആലോചന. രണ്ടു പാലങ്ങളോട് ചേർന്ന് പുഴയിലേക്ക് തുറക്കുന്ന ആഴത്തിലുള്ള രണ്ട് ഓടകളുടെ സ്ലാബുകൾക്ക് തകരാറുണ്ടായി മണ്ണിടിഞ്ഞ് താഴ്ന്നതാണ് ഗർത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമമനം. കഴിഞ്ഞ 11ന് രാവിലെ ഒമ്പതിന് സ്കൂൾ വാഹനം കുട്ടികളെ ഇറക്കാൻ നിറുത്തിയപ്പോൾ വാഹനത്തിന്റെ മുൻചക്രം ടാറിൽ താഴ്ന്നിരുന്നു.

2022 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഇവിടെ റോഡിടിഞ്ഞ് ഗർത്തം രൂപപ്പെട്ടിരുന്നു. അന്ന് മണ്ണിട്ട് നികത്തി ടാർ ചെയ്യുകയായിരുന്നു.

തിരുവനന്തപുരം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഷീജ റാണി, അസിസ്റ്റന്റ് എൻജിനീയർ അരവിന്ദ് അനിൽകുമാർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മൂവാറ്റുപുഴ പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെ റോഡ് വികസനം നടത്തുന്ന കെ.ആർ.എഫ്.ബി യിലെ ഉദ്യോഗസ്ഥർ,​ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. കെ.എച്ച്.ആർ.ഐ യുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി മണ്ണ് പരിശോധനാ വിഭാഗം ഉൾപ്പെടെയുള്ള സംഘമെത്തി പരിശോധന നടത്തിയ ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനം നടത്തുവാനാകൂ എന്നാണ് പ്രാഥമിക വിലയിരുത്തൽ. എൽ.ഡി.എഫ് നേതാക്കളായ ബാബു പോൾ, പി.എം. ഇസ്മയിൽ, എൽദോ എബ്രഹാം, ജോളി പൊട്ടക്കൽ, യു.ആർ. ബാബു, സജി ജോർജ്, കെ.ജി. അനിൽകുമാർ, വി.ആർ. ശാലിനി, ഷൈൻ ജേക്കബ്, ആർ. രാകേഷ്, ഇബ്രാഹിം കരിം, കെ.പി. അലിക്കുഞ്ഞ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.