കൊച്ചി: തമ്മനം - പുല്ലേപ്പടി റോഡിലൂടെയുള്ള വാഹനയാത്ര നടുവൊടിക്കുമെന്ന് ഹൈക്കോടതി. കോടതിയടക്കം റോഡിലെ കുഴികൾ കണ്ടിട്ടും എൻജിനിയർമാർ കാണുന്നില്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജികൾ പരിഗണിക്കവേയാണ് പരാമർശം. കോടതി നേരത്തെ ആവശ്യപ്പെട്ട, സംസ്ഥാനത്തെ റോഡുകളുടെ സുരക്ഷാ ഓഡിറ്റ് ഹാജരാക്കാൻ സർക്കാർ ഒരുമാസം സമയംതേടി.
നഗരത്തിലെ റോഡുകളിലേറെയും കുഴിയാണ്. എൻജിനിയർ റോഡിലിറങ്ങിയാലേ ഇതു കാണാൻ കഴിയൂ. അല്ലാത്തപക്ഷം എങ്ങനെയാണ് വീഴ്ച വരുത്തുന്ന കരാറുകാരെ കണ്ടെത്തുക. മഴയാണ് കാരണം എന്ന വിശദീകരണം സ്വീകാര്യമല്ല. കുഴിയില്ലാത്ത റോഡ് ഉണ്ടാക്കാനല്ലേ എൻജിനിയർമാർക്ക് മികച്ച ശമ്പളം നൽകുന്നതെന്നും കോടതി ചോദിച്ചു.
കൊച്ചി കോർപ്പറേഷൻ ഇന്നലെ രാവിലെ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. മഴയത്തും ടാർചെയ്യുന്നത് കണ്ടു. ഇതിന്റെ ഗുണനിലവാരം എന്തായിരിക്കുമെന്ന് അറിയില്ലെന്നും അമിക്കസ് ക്യൂറി പറഞ്ഞു. സഞ്ചാരയോഗ്യമായ റോഡ് ജനങ്ങളുടെ അവകാശമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
നഗരത്തിൽ ബസുകളുടെ അമിതവേഗത നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ കോടതി തൃപ്തിരേഖപ്പെടുത്തി. വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വിശദീകരിച്ചു.
ട്രാഫിക് ഐ
ബസുകളുടെ അമിത വേഗതയെക്കുറിച്ച് പരാതി ഉന്നയിക്കാൻ ‘ട്രാഫിക് ഐ’ എന്ന പദ്ധതി തുടങ്ങിയതായി സിറ്റി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.. 6238100100 എന്ന നമ്പരിൽ ഗതാഗത നിയമലംഘനത്തെക്കുറിച്ച് അറിയിക്കാം. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഫയൽചെയ്ത റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. അമിതവേഗം, ലൈൻ തെറ്റിച്ചുള്ള ഡ്രൈവിംഗ്, ബസുകൾ പൊടുന്നനേ നിറുത്തുന്ന സംഭവങ്ങൾ എല്ലാം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ആഗസ്റ്റ് അഞ്ചുമുതൽ ഏഴുവരെ പ്രത്യേക പരിശോധന നടത്തിയിരുന്നു. 310 കേസുകളാണ് ഈ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത്. വിഷയം ചർച്ചചെയ്യാൻ ബസ് ഉടമകളുടെ യോഗം വിളിച്ചിരുന്നു. റോഡ് സുരക്ഷാ ബോധവത്കരണ സന്ദേശങ്ങളടങ്ങിയ നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. കൊച്ചി സിറ്റി പരിധിയിൽ ജൂലായ് മാസത്തിൽ ഗതാഗത നിയമലംഘനത്തിന് 73690 പെറ്റിക്കേസുകളാണ് എടുത്തത്. 70.32ലക്ഷംരൂപ പിഴയായും ഈടാക്കി. ഹെൽമെറ്റ് ശരിയായി വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.