കൊച്ചി: പേ വിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം നടത്താൻ അനുവാദം നൽകുന്ന നിലയിൽ എ.ബി.സി ചട്ടത്തിൽ കേന്ദ്ര സർക്കാർ മാറ്റം കൊണ്ടുവരണമെന്ന് റെസിഡന്റ്സ് അസോസിയേഷനുകളുടെ സംസ്ഥാന അപ്പെക്സ് സംഘടനയായ കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (കോർവ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജനുവരി മുതൽ മേയ് വരെ 16 മരണങ്ങളാണ് തെരുവുനായ കടിയേറ്റ് ഉണ്ടായത്. ഇതിൽ അഞ്ച് മരണങ്ങൾ വാക്സിൻ എടുത്തതിന് ശേഷം സംഭവിച്ചതാണ്. നായ്ക്കളുടെ കടിയേറ്റാൽ എടുക്കുന്ന വാക്സിന് 5,500 മുതൽ 6,500 രൂപവരെ വില ഈടാക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ, ദേശീയ ജോയിന്റ് സെക്രട്ടറി പി.കെ. ബീരാൻ, സംസ്ഥാന കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് രംഗദാസ പ്രഭു, വനിത കമ്മിറ്റി വൈസ് പ്രസിഡന്റ് സീന ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.