കൊച്ചി: ആലുവ സൗഹൃദ വേദിയും സബർമതി സൗഹൃദ വേദി കീഴ്മാടും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ മതങ്ങളിലെ വേദപഠിതാക്കളുടെ സംഗമം നാളെ നടക്കും. ആലുവ ചാലക്കൽ അസ്ഹറുൽ ഉലൂം കാമ്പസിൽ വൈകിട്ട് നാലിനാണ് മാനവീയം 2025 പരിപാടി നടക്കുന്നത്.

ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ 1924ൽ ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനത്തിന് തുടക്കം കുറിച്ച് നൂറ് വർഷം പിന്നിട്ട അവസരത്തിലാണ് സംഗമം. വിവിധ ബ്രഹ്മ വിദ്യാലയങ്ങൾ, സെമിനാരികൾ, അറബിക് കോളേജുകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.

ശിവഗിരി ശീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. ബിഷപ്പ് ആന്റണി വാലുങ്കൽ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ജസ്റ്റിസ് സി.കെ. അബ്ദുറഹീം, ഗീവർഗീസ് മാർ കൂറിലോസ്, ഫാദർ കുര്യാക്കോസ് മുണ്ടാടൻ, ടി. മുഹമ്മദ് വേളം, അൻവർ സാദത്ത് എം.എൽ.എ, സ്വാമി ധർമ്മ ചൈതന്യ, എം.പി ഫൈസൽ അസ്ഹരി എന്നിവർ പങ്കെടുക്കും.