കൊച്ചി: വോട്ട് ക്രമക്കേടിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ടോളിൽ നിന്നാരംഭിച്ച മാർച്ച് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുഗ്രഹത്തോടെ സംഘപരിവാർ ഭരണകൂടം തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിച്ച്, ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ശ്രമമാണ് രാഹുൽഗാന്ധി തുറന്നു കാട്ടിയത്. രാജ്യത്തെ സംരക്ഷിക്കാനും തിരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാക്കാനും, ജനാധിപത്യത്തെ സംരക്ഷിക്കാനും അദ്ദേഹം നടത്തുന്ന പോരാട്ടങ്ങൾക്ക് ജനാധിപത്യ വിശ്വാസികളുടെ പിന്തുണയുണ്ടാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, നേതാക്കളായ വി.പി. സജീന്ദ്രൻ, ബി.എ. അബ്ദുൾ മുത്തലിബ്, ജെയ്സൺ ജോസഫ്, അജയ് തറയിൽ, ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, ടോണി ചമ്മിണി, മനോജ് മൂത്തേടൻ, എം.ഒ. ജോൺ, ജമാൽ മണക്കാടൻ, സക്കീർ ഹുസൈൻ, എം.ആർ. അഭിലാഷ് , സുനില സിബി, ഐ.കെ. രാജു, വി.കെ. മിനിമോൾ, സിജോ ജോസഫ്, ജിൻഷദ് ജിന്നാസ് തുടങ്ങിയവർ നേതൃത്വം നൽകി.