കൊച്ചി: ട്രെയിൻ വരുന്നതിനിടെ ട്രാക്കിൽ കയറിനിന്ന അന്യസംസ്ഥാന തൊഴിലാളിയുടെ ഇടതു കാൽപ്പാട്ടം അറ്റുപോയി. പുല്ലേപ്പടി റെയിൽവേ മേൽപ്പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മുംബയ്-എറണാകുളം തുരന്തോ എക്സ്‌പ്രസ് ട്രെയിൻ വരുന്നതിനിടെയാണ് ട്രാക്കിൽ കയറി നിന്നത്. ട്രെയിൽ അടുത്തെത്തിയപ്പോൾ പെട്ടെന്ന് പിന്നിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഇടതുകാൽ പുറത്തെടുക്കാൻ സാധിച്ചില്ല. ട്രെയിൻപോയശേഷം ഇയാൾ ട്രാക്കിലേക്ക് വീണു. സംഭവം കണ്ടുനിന്ന സമീപവാസികൾ അഞ്ചുമിനിറ്റ് കഴിഞ്ഞ് ഇതേട്രാക്കിലൂടെ വന്ന ബിലാസ്പൂർ-തിരുനെൽവേലി ട്രെയിനിന്റെ ലോക്കോ പൈലറ്റിന് അപായസൂചന നൽകിയതിനെ തുടർന്ന് ട്രെയിൻ നിറുത്തിയിട്ടു. നോർത്ത് ആർ.പി.എഫ് എത്തിയാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് കടവന്ത്ര പൊലീസ് പറഞ്ഞു.