കോതമംഗലം: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൽ പ്രഥമ പൊതു മൈതാനം സാദ്ധ്യമാകുന്നു. ഫുട്ബാൾ മഡ് ടർഫ് നിർമ്മിക്കുന്നതിനാണ് പദ്ധതി. പത്മ ക്ലബ് സൗജന്യമായി വിട്ടു നൽകിയ 50 സെന്റ് സ്ഥലത്താണ് പുതിയ ടർഫ് നിർമ്മിക്കുന്നത്. ആസ്തി വികസന നിന്ന് 67 ലക്ഷം രൂപ മാത്യു കുഴൽനാടൻ എം.എൽ.എ. അനുവദിച്ചതോടെയാണ് സ്വന്തമായി ഒരു കളിസ്ഥലം എന്ന പോത്താനിക്കാടിന്റെ സ്വപ്നം ചിറകുവിരിച്ചത്.
വാക്ക് വേ, ഫ്ലഡ് ലൈറ്റ്, ശൗചാലയങ്ങൾ, പാർക്കിംഗ് സൗകര്യം, ഓപ്പൺ സ്റ്റേജ് എന്നിവയും ടർഫിനോടനുബന്ധിച്ച് നിർമ്മിക്കും. ചുറ്റുമതിലും അതിന് മുകളിൽ ഇരുമ്പ് വലയും നിർമ്മിച്ച് സുരക്ഷിതവും ഉറപ്പാക്കും. ഈ മൈതാനം യാഥാർഥ്യമാകുന്നതോടെ പഞ്ചായത്തിന് വിവിധ കായിക പദ്ധതികൾ നടപ്പാക്കാൻ കഴിയും. ഇപ്പോൾ സ്വകാര്യ സ്കൂളിന്റെ ഗ്രൗണ്ടാണ് പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.
നേട്ടത്തിലേക്ക് കണ്ണുനട്ട് നാട്
പത്മ ക്ലബ്ബ് അംഗങ്ങളുടെ സാമൂഹിക പ്രതിബദ്ധത നാടിന് നേട്ടം കൊണ്ടുവരും. പതിറ്റാണ്ടുകൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ടതാണ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം മന്ദീഭവിച്ചതോടെ സ്വന്തമായുണ്ടായിരുന്ന സ്ഥലം വെറുതെ കിടക്കുകയായിരുന്നു. ഈ സ്ഥലമാണ് പഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയത്. ടർഫ് വരുന്നതോടെ പൊതു ഗ്രൗണ്ട് ഇല്ലാത്ത പഞ്ചായത്ത് എന്ന പോരായ്മയും മാറി കിട്ടും.
ഫുട്ബാൾ മഡ് ടർഫ് രണ്ട് മാസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഭരണാനുമതി ലഭ്യമായിട്ടുണ്ട്. മറ്റ് നടപടികളും വേഗത്തിൽ പൂർത്തിയാക്കും
സജി കെ. വർഗീസ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
യുവാക്കളുടെ കായിക സ്വപ്നങ്ങൾക്കുള്ള പിന്തുണയാണ് പദ്ധതി. പഞ്ചായത്തിന് തിലകകുറിയായി ഫുട്ബാൾ മഡ് ടർഫ് മാറും മാത്യു കുഴൽനാടൻ എം.എൽ.എ.
തങ്ങൾക്ക് കളിക്കാനും പരിശീലിക്കാനും ഒരിടം ലഭിക്കുന്നത് വലിയ കാര്യമാണ്. മികവുള്ള താരങ്ങളെ വളർത്തിയെടുക്കാൻ കഴിയും
ഹരി
പ്രാദേശിക ഫുട്ബാൾ താരം