പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നഗരസഭാങ്കണത്തിൽ ചെയർപേഴ്സൺ ബീന ശശിധരൻ ദേശീയപതാക ഉയർത്തി. തുടർന്ന് നഗരത്തിൽ നടന്ന സ്വാതന്ത്ര്യദിന റാലിയിൽ വിവിധ സ്കൂളുകളെ പ്രതിനിധികരിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.
സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർമാരായ സജി നമ്പിയത്ത്, ടി.വി. നിഥിൻ, ജി. ഗിരീഷ്, അനുവട്ടത്തറ, ശ്യാമള ഗോവിന്ദൻ, കെ.ജെ. ഷൈൻ, ഡി. രാജ്കുമാർ, തഹസിൽദാർ സംഗീത് തുടങ്ങിയവർ സംസാരിച്ചു. കെ.വി. രാമകൃഷ്ണൻ സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പരീക്ഷകളിൽ മികച്ച വിജയംനേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.