കൊച്ചി: കാലപ്പഴക്കംചെന്ന സർക്കാർ കെട്ടിടങ്ങളുടെ ബലക്ഷയമുൾപ്പെടെ ഘടനാപരമായ പ്രശ്‌നങ്ങൾ കണ്ടെത്തി പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന് സഹായ വാഗ്ദാനവുമായി റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ നാഷണൽ റിയൽ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിൽ (നരേഡ്‌കോ). സർക്കാരിന്റെ അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽ കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള സഹകരണത്തിനും പ്രതിമാസയോഗത്തിൽ നരേഡ്‌കോ കേരളാ ചാപ്റ്റർ സന്നദ്ധത അറിയിച്ചു.
പ്രോപ്പർട്ടിഷോകൾ സംഘടിപ്പിക്കുക, സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി സൗജന്യ വെബിനാറുകൾ, സൈറ്റ് സന്ദർശനങ്ങൾ, പരിശീലന സെഷനുകൾ എന്നിവ നടത്തുക തുടങ്ങിയവ നരേഡ്‌കോനടപ്പാക്കും, സെമിനാറുകളിൽ പങ്കെടുക്കുന്നവർക്ക് കമ്പനികളിൽ നേരിട്ടുള്ള ഇന്റേൺഷിപ്പിനും അവസരമൊരുക്കും. പ്രസിഡന്റ് ബിനോയ് തോമസ് അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടറി ആർ. കൃഷ്ണപ്രസാദ്, ട്രഷറർ പി. സുനിൽ, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമാരായ ഷെഫിമോൻ മുഹമ്മദ്, കെ.എസ്. രാജേഷ്, സെക്രട്ടറിമാരായ മഹേഷ് ടി.പിള്ള, ജിതിൻ സുധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ഉണ്ണി മാധവൻ, ടി. ധനശേഖരൻ, എക്‌സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. രഞ്ജിത്കുമാർ, അർജുൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.