കൊച്ചി: ഡെസ്റ്റിനേഷൻ വെഡിംഗ് മേഖലയിൽ കേരളത്തിന്റെ സാദ്ധ്യതകൾ മുന്നോട്ടുവച്ച് പ്രഥമ വെഡിംഗ് ആൻഡ് മൈസ് കോൺക്ലേവ്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിച്ച കോൺക്ലേവിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദർശനം ശ്രദ്ധനേടി.
ഹോട്ടലുകൾ, റിസോർട്ടുകൾ, ബ്രൈഡൽ സർവീസുകൾ തുടങ്ങിയ മേഖലകളിലുള്ളവരാണ് പ്രദർശനത്തിൽ സെല്ലർമാരായി പങ്കെടുക്കുന്നത്. വിവാഹത്തിനുള്ള സൗകര്യങ്ങൾ, പശ്ചാത്തലം, നവീനആശയങ്ങൾ എന്നിവ പങ്കുവയ്ക്കുന്നു. പ്രകൃതിസൗന്ദര്യം, മനോഹരങ്ങളായ സ്ഥലങ്ങൾ, മികച്ച താമസ, ഭക്ഷണ സൗകര്യങ്ങൾ, പ്രൊഫഷണലുകളുടെ പിന്തുണ, സാംസ്‌കാരിക പൈതൃകം, വാസ്തുകല എന്നിവയും പരിചയപ്പെടുത്തുന്നു. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 675 ലേറെ ബയർമാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
കൊച്ചി ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ട് പ്രൈം ഡെസ്റ്റിനേഷൻ വെഡിംഗ് സ്ഥലമായി അവതരിപ്പിക്കുന്നു. ബീച്ചിന് അഭിമുഖമായ കോവളം സമുദ്ര, കുമരകത്തെ വാട്ടർസ്‌കേപ്‌സ്, കുമരകം ഗേറ്റ് വേ, മൂന്നാർ ടീ കൗണ്ടി എന്നിവയും കെ.ടി.ഡി.സിയുടെ സ്വീകാര്യതയുള്ള സ്ഥലങ്ങളാണ്. ആലപ്പുഴ, കുമരകം, കൊച്ചി, മൂന്നാർ, വയനാട്, കോവളം, വർക്കല, പൂവാർ, എന്നിവയാണ് വിവാഹത്തിന് ഏറെ ആവശ്യക്കാരുള്ള സ്ഥലങ്ങൾ. ബീച്ച്, കായൽത്തീരം, മലയോരങ്ങൾ, ഹൗസ്‌ബോട്ട് എന്നിവയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്.
വ്യത്യസ്ത നാടുകളിൽ നിന്നുള്ളവർക്കായി പശ്ചാത്തലങ്ങൾ സൃഷ്ടിച്ചും ആചാരങ്ങളനുസരിച്ചും ഭക്ഷണമൊരുക്കിയും ചടങ്ങുകൾ സംഘടിപ്പിക്കാറുണ്ടെന്ന് ജൈനമതാചാരമനുസരിച്ചുള്ള വിവാഹത്തിന് വേദിയൊരുക്കിയ കൊച്ചിയിലെ ഹോട്ടൽ അധികൃതർ പറഞ്ഞു.
സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ ഡെസ്റ്റിനേഷനാണ് നെടുമ്പാശേരിയിലെ വെഡിംഗ് പ്ലാനർ സ്ഥാപനം ഒരുക്കുന്നത്. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷവേളകളിൽ നടക്കുന്ന വിവാഹങ്ങളിലാണ് വിവിധ ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കുണ്ടന്നൂരിലെ ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന കോൺക്ളേവും പ്രദർശനവും ഇന്ന് സമാപിക്കും.