prag2

പെരുമ്പാവൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രഗതി അക്കാഡമി വിദ്യാർത്ഥികൾക്ക് ചരിത്രപഠനാനുഭവം പകർന്നുനൽകി. കലാം പ്രബോധൻ സ്‌കൂൾ ലൈബ്രറിയിലെ 1947 ആഗസ്റ്റ് 15ലെ അപൂർവപത്രങ്ങൾ വിദ്യാർത്ഥികൾക്ക് വായിച്ചുകൊടുത്തു.

'സ്വാതന്ത്ര്യം കൈവരിച്ചു: ബ്രിട്ടീഷ് ഭരണത്തിന് വിരാമം' എന്ന തലക്കെട്ടിൽ സ്വാതന്ത്ര്യപ്രഖ്യാപനവും ആഘോഷങ്ങളും ലോകപത്രങ്ങളിൽ പ്രതിഫലിച്ചത് വിദ്യാർത്ഥികൾ മനസിലാക്കി.

'സ്വാതന്ത്ര്യത്തിന്റെ സുപ്രഭാതം' പ്രഖ്യാപിച്ച ദ ഹിന്ദുസ്ഥാൻ ടൈംസ്, ആഘോഷങ്ങളും വെല്ലുവിളികളും രേഖപ്പെടുത്തിയ ദ സ്റ്റേറ്റ്‌സ്മാൻ, കിഴക്കിലെ പുതിയ പ്രഭാതത്തെ ലോകത്തിനു മുന്നിൽ പങ്കുവെച്ച ദ ന്യൂയോർക്ക് ടൈംസ് എന്നിവയുടെ പതിപ്പുകൾ സ്‌കൂൾ ക്യാപ്ടൻ അനുശ്രീ വായിച്ചു.

പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യലബ്ധിയുടെ ചരിത്രസത്യം തനതുരൂപത്തിൽ അറിയാനും പഠിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.

പഹൽഗാമിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സമാധാനം, ഐക്യം എന്നിവ നിലനിറുത്തുമെന്നും മൂല്യങ്ങൾ സംരക്ഷിക്കുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.