കോതമംഗലം: പൂയംകുട്ടി വനമേഖലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ അഞ്ചാമത്തെ ആനയുടെ ജഡം കൂടി കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം പുഴയിലൂടെ ഒഴുകി നീങ്ങുന്ന നിലയിലാണ് ജഡം കണ്ടത്. ജഡം അഴുകിയ നിലയിലായതുകൊണ്ട് ഇത് കൊമ്പനാണോ പിടിയാനയാണോ എന്ന് വ്യക്തമല്ല. വനപാലകർ ജഡം കരയ്ക്കടുപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല.
പത്ത് ദിവസങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴയെത്തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ പൂയംകുട്ടി വനത്തിലെ നിരവധി ആനകൾ ഒഴുക്കിൽപ്പെട്ടതായിരിക്കാമെന്നാണ് കരുതുന്നത്. പീണ്ടിമേട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തെ തോട് മുറിച്ചുകടക്കുന്നതിനിടെയാകാം ഇവ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം ഒരു ജഡം പീണ്ടിമേട് വെള്ളച്ചാട്ടത്തിന് താഴെയും കണ്ടെത്തിയിരുന്നു.
ഇതുവരെ അഞ്ച് ആനകളുടെ ജഡങ്ങളാണ് കണ്ടെത്തിയതെങ്കിലും ഇനിയും കൂടുതൽ ആനകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് കരുതുന്നു. ആദ്യം കണ്ടെത്തിയ നാല് ജഡങ്ങളിൽ ഒരെണ്ണം കൊമ്പന്റെതും മൂന്നെണ്ണം പിടിയാനകളുടെതുമായിരുന്നു.