കൊച്ചി: കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മന്ത്രി പി. രാജീവ് ദേശീയ പതാക ഉയർത്തി. തുടർന്ന് പരേഡ് പരിശോധിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു.
എം.എൽ.എമാരായ അഡ്വ. പി.വി. ശ്രീനിജിൻ, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശ്വതി ജിജി, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ് ഗോയൽ, തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ രാധാമണിപ്പിള്ള, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് എന്നിവർ പങ്കെടുത്തു.
കനറാ ബാങ്ക് എറണാകുളം സൗത്ത് ബ്രാഞ്ചിൽ എ.ജി.എം രേഷ്മ അശോക് ഷാ ദേശീയ പതാക ഉയർത്തി. വിരമിച്ച എക്‌സിക്യുട്ടീവ് സരളാ ദേവി സന്ദേശം നൽകി. റീജിയണൽ ഓഫീസിലെ എക്‌സിക്യുട്ടീവുകളായ അഭിഷേക് കുമാർ, മൃദുല മോഹൻ എന്നിവർ സംസാരിച്ചു.
റസിഡന്റ്‌സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരം ചുറ്റി ഗാന്ധി പ്രതിമയിലേക്ക് 'തിരംഗ് യാത്ര" സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.