mcf
പൊന്നുരുന്നി നടപ്പാതയിൽ സ്ഥാപിച്ച കണ്ടെയ്നർ എം.സി.എഫ്

കൊച്ചി: സുരക്ഷിതമായ നടപ്പാതകൾ പൗരന്റെ ജന്മാവകാശമാണെന്ന് സുപ്രീം കോടതി. അത് കേൾക്കാത്ത മട്ടിൽ കൊച്ചി കോർപ്പറേഷൻ. സമ്പൂർണ ശുചിത്വനഗരമെന്ന ഖ്യാതിക്കുവേണ്ടി 53-ാം ഡിവിഷനിലെ പൊന്നുരുന്നിയിൽ പൗരാവകാശം കെട്ടിയടച്ച് നടപ്പാതയിൽ കണ്ടെയ്നർ മിനി എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിച്ചാണ് കോർപ്പറേഷൻ കോടതിയെ വെല്ലുവിളിക്കുന്നത്.

ടൈൽ പതിപ്പിച്ച് നഗരസൗന്ദര്യവത്കരണമെന്നൊക്കെ പറഞ്ഞ് ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവഴി ആരും നടന്നതായി ഓർമ്മയില്ല. ഉദ്ഘാടന പിറ്റേന്നുമുതൽ നടപ്പാത നിറയെ ചാക്കിൽ കെട്ടിയ മാലിന്യങ്ങളായിരുന്നു. ഏതാണ്ട് 100 മീറ്ററോളം ദൂരം ഇങ്ങനെ ചീഞ്ഞുനാറി. അതിനിടെയാണ് സമ്പൂർണ ശുചിത്വനഗരമെന്ന് പ്രഖ്യാപിക്കേണ്ടിവന്നത്. പിന്നെയൊട്ടും വൈകിയില്ല. കൂറ്റൻ കണ്ടെയ്നർ കൊണ്ടുവന്ന് നടപ്പാതയിൽ സ്ഥാപിച്ചു. എന്നിട്ട് മാലിന്യ ചാക്കുകൾ അതിനുള്ളിലേക്ക് തിരുകി. ദിവസങ്ങളും മാസങ്ങളും നീണ്ട തിരുകലിനൊടുവിൽ കണ്ടെയ്നർ നിറഞ്ഞു. ഹരിതകർമ്മസേന വീടുകളിൽ നിന്ന് യൂസേഴ്സ് ഫീ ഈടാക്കി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ വൃത്തിയാക്കി വാർഡ് തലത്തിലുള്ള മിനി എം.സി.എഫുകളിൽ സംഭരിക്കും. അവിടെ നിന്ന് വലിയ എം.സി.എഫിൽ എത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയെന്നതാണ് ഈ ശുചീകരണ പദ്ധതിയുടെ സമ്പൂർണ സൈക്കിൾ. എന്നാൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസേഴ്സ് ഫീസ് ഈടാക്കുന്നതുമുതൽ മിനി എം.സി.എഫ് വരെയുള്ള പ്രക്രിയ ഏതാണ് ഭംഗിയായി നടക്കും. അതുകഴിഞ്ഞാൽ എല്ലാം പഴയപടി.

 കണ്ടെയ്‌നർ നിറഞ്ഞ് പരിസരത്ത് മലപോലെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതല്ലാതെ യഥാസമയം നീക്കം ചെയ്യാൻ ആരുമില്ല.

അതിനാൽ എന്നെങ്കിലും ഈ ദുരിതം ഒഴിഞ്ഞ് നടപ്പാത തുറന്നുകിട്ടുമെന്ന വിദൂര പ്രതീക്ഷപോലും ആർക്കും വേണ്ട.

നടന്നുപോകേണ്ടവർ നല്ല മെയ്‌വഴക്കമുണ്ടെങ്കിൽ വാഹനത്തിനടിയിൽപ്പെടാതെ രക്ഷപ്പെട്ടുകൊള്ളുക.

നടപ്പാത എന്തായാലും നഗരസഭയ്ക്ക് മാത്രം സ്വന്തമാണ്.

 ആശാനക്ഷരമൊന്നു പിഴച്ചാൽ

ആശാൻ ഇതാണെങ്കിൽ ശിഷ്യന്മാരുടെ കാര്യം പറയണോ. നഗരപിതാക്കൾ തന്നെ നടപ്പാത കൈയേറുന്ന നാട്ടിൽ മറ്റുള്ളവരുടെ നിയമലംഘനം ആര് ചോദിക്കും. നഗരത്തിലെ ഒട്ടുമിക്ക നടപ്പാതകളും കച്ചവടക്കാരുടെ കൈവശമാണ്. അതല്ലെങ്കിൽ ടോൾ കൊടുക്കാതെ വാഹനം പാർക്ക് ചെയ്യുന്ന സുരക്ഷിത സ്ഥലം.

 സുപ്രീംകോടതി പറഞ്ഞത്

സുരക്ഷിതമായ നടപ്പാതകൾ പൗരന്മാരുടെ മൗലികാവകാശമാണെന്നും അതുറപ്പാക്കാൻ രണ്ട് മാസത്തിനകം സംസ്ഥാനങ്ങൾ മാർഗനിർദ്ദേശം പുറത്തിറക്കണമെന്നും കഴിഞ്ഞ മേയ് 15നാണ് സുപ്രീംകോടതി വിധിച്ചത്. നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നും ഭിന്നശേഷി സൗഹൃദമാക്കണമെന്നും നടപ്പാതകളുടെ നിർമാണത്തിനും പരിപാലനത്തിനും എല്ലാ സംസ്ഥാനങ്ങളും നയം രൂപീകരിക്കണമെന്നുമൊക്കെയാണ് കോടതി പറഞ്ഞത്.