കോതമംഗലം: ജീവിച്ചിരിക്കുന്നയാളുടെ പേര് മരിച്ചെന്ന് കാണിച്ച് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെന്ന് ആരോപണം. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 29-ാം വാർഡ് വോട്ടറായ ഉപ്പിടാംകുഴി ശിവൻനായർ മരിച്ചുവെന്ന് കാട്ടി കോൺഗ്രസ് നേതാവായ അജി പുതിയാമഠമാണ് മുനിസിപ്പൽ ഓഫീസിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ ആക്ഷേപം നൽകിയിരുന്നു. വോട്ടർപട്ടികയിൽ നിന്ന് ഈ പേര് ഒഴിവാക്കണമെന്നതായിരുന്നു ആവശ്യം. ഉദ്യോഗസ്ഥർ അപേക്ഷ സ്വീകരിക്കുകയും ശിവൻനായരുടെ വീട്ടിലേക്ക് ഹിയറിംഗിനുള്ള നോട്ടീസ് അയക്കുകയും ചെയ്തു. നോട്ടീസ് ലഭിച്ചപ്പോഴാണ് കോൺഗ്രസുകാർ തന്നെ മരിച്ചവരുടെ ഗണത്തിൽപ്പെടുത്തിയെന്ന വിവരം ശിവൻനായർ അറിയുന്നത്. താൻ ജീവിച്ചിരിക്കുന്നുവെന്ന സത്യം ശിവൻനായർ മുനിസിപ്പൽ ഓഫീസിൽ അറിയിച്ചു. മുൻ സി.പി.എം. കൗൺസിലർ ബീന രാധാകൃഷണന്റെ പിതാവാണ് ശിവൻനായർ. ജീവിച്ചിരിക്കുന്നയാളെ മരിച്ചതായി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് ബീനയുടെ ഭർത്താവും സി.പി.എം. ലോക്കൽ കമ്മറ്റി അംഗവുമായ ഇ. വി. രാധാകൃഷ്ണൻ പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ മറ്റ് വാർഡുകളിലും ഇത്തരത്തിൽ വോട്ടർപ്പട്ടികയിൽ കൃത്രിമം നടത്താൻ കോൺഗ്രസും യു.ഡി.എഫും ശ്രമിച്ചിട്ടുണ്ടെന്ന് രാധാകൃഷണൻ പറഞ്ഞു.