collector
കളക്ടർ ജി. പ്രിയങ്ക

ഹൈക്കോടതി ഇടപെടലുകൾ
സ്വാഗതാർഹം

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് നിവാരണത്തിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. മുല്ലശേരി കനാലിന്റെ നവീകരണ ജോലികൾ ഉൾപ്പെടെ പൂർത്തീകരിക്കാനുണ്ട്. അത് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചേർന്ന് വിലയിരുത്തി മുന്നോട്ട് പോകും. കൊച്ചി നഗരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഹൈക്കോടതി ഇടപെടലുകൾ സ്വാഗതാർഹമാണെന്നും കളക്ടർ പറഞ്ഞു. ജില്ലാ കളക്ടറായി ചുമതലയേറ്റതിനു ശേഷം എറണാകുളം പ്രസ്‌ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ എന്നിവരും സംബന്ധിച്ചു.

വൈറ്റിലയിലെ ചന്ദേർ കുഞ്ച് ആർമി ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 20ന് യോഗം ചേരും. ഒഴിപ്പിക്കൽ, പൊളിക്കൽ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും.

വോട്ടർ പട്ടിക വിവാദത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പരാതികളുയരുന്നത് ശ്രദ്ധയിലുണ്ട്. പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും കളക്ടർ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് പുനരാരംഭിക്കും. കൊവിഡ് കാലത്ത് കണക്കെടുപ്പ് ജില്ലയിലും കാര്യക്ഷമമായിരുന്നു. അന്യസംസ്ഥാനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയായ റോഷ്‌നിയുൾപ്പടെ ജില്ലയിൽ സജീവമാണ്.

സജീവ പരിഗണനയിലുള്ള വിഷയങ്ങൾ.

1.പട്ടയ വിതരണം,

2.അതിദാരിദ്ര്യ ലഘൂകരണം

3.തീരദേശ ഹൈവേ

4.ഓപ്പറേഷൻ ബ്രേക്ക് ത്രൂ

5.മെട്രോ ഭൂമിയേറ്റെടുക്കൽ

6.ഐ.യു.ആർ.ഡബ്ല്യു.ടി.എസ്

കളക്ടറുടെ പ്രത്യേക പദ്ധതികളും

സർക്കാരിന്റെ പദ്ധതികൾക്ക് പുറമേ ജീവിത ശൈലീ രോഗ നിയന്ത്രണം, മാനസികാരോഗ്യ സംരക്ഷണം എന്നിങ്ങനെ രണ്ട് പദ്ധതികൾ പ്രത്യേക പദ്ധതികളായി പരിഗണനയിൽ.

 മുതിർന്നവരിലും കുട്ടികളിലുമുള്ള മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ പദ്ധതിയിലുണ്ട്.

സ്‌ക്രീൻ അഡിക്ഷൻ, പ്രസവാനന്തര വിഷാദം (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രത്യേക പദ്ധതികളോട് ചേർന്ന് ശ്രദ്ധയിലുണ്ട്.

 ആരോഗ്യ- വനിതാ ശിശുവികസ വകുപ്പുകളുമായി ചേർന്നാകും ഈ രണ്ട് പദ്ധതികളും നടപ്പാക്കുക