മൂവാറ്റുപുഴ: കർഷക ദിനത്തിന് മുന്നോടിയായി കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രക്കൂട്ടുകാർ സയൻസ് ഫോറത്തിന്റെയും ഞാറ്റുവേല കാർഷിക ക്ലബ്ബിന്റെയും ആഭിമുഖൃത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. യുവ കർഷക അവാർഡു ജേതാവും വനിത സംരംഭകയുമായ മൃദുലഹരി കൃഷ്ണനുമായി കുട്ടികൾ അഭിമുഖം നടത്തുകയും സ്നേഹ ഓർഗാനിക് ഫാം സന്ദർശിക്കുകയും ചെയ്തു. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കൃഷിപ്പതിപ്പുകൾ മൃദുല ഹരികൃഷ്ണൻ പ്രകാശനം ചെയ്തു.
വിവിധ തരം കൃഷിരീതികൾ, വിളകൾ, അവയുടെ പരിപാലനം, പശു വളർത്തൽ, മത്സ്യക്കൃഷി എന്നിവ കുട്ടികൾ പരിചയപ്പെടുകയും ബഡ്ഡിംഗ് , ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങിയവയെക്കുറിച്ച് പഠിക്കുകയും ചെയ്തു.ശാസ്ത്രക്കൂട്ടുകാർ സയൻസ് ഫോറം സെക്രട്ടറി അമീൻ മുഹമ്മദ്,ജൈവ വൈവിദ്ധ്യ ക്ലബ് ലീഡർ ജ്യൂവൽ സാജു, ഞാറ്റുവേല കാർഷിക ക്ലബ് അംഗം ദേവഗായത്രി ബാബുലാൽ, അദ്ധ്യാപകരായ സ്റ്റാലിന ഭായ്, രാജി പി. ശ്രീധർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.