കൊച്ചി: ചെല്ലാനം മറുവാക്കാട് പൊക്കാളി പാടശേഖരത്തിൽ ഉപ്പുവെള്ളം വറ്റിക്കാനുള്ള നടപടികൾ സർക്കാർ ഏറ്റെടുത്തു. പാടങ്ങളിൽ നിന്ന് ഉപ്പുവെള്ളം പൂർണമായും നീക്കം ചെയ്യാൻ വൈകിയതിനാൽ കൃഷി മുടങ്ങിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള പൊക്കാളി നിലവികസന ഏജൻസി ഇടപെട്ടത്.
സാധാരണയായി ഏപ്രിൽ 15നകം വയലുകളിലെ ഉപ്പുവെള്ളം പൂർണമായി നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ, നിലവിൽ വയൽത്തട്ടുകളിൽ മൂന്ന് അടിയിലധികം വെള്ളമുണ്ട്. ഇത് കാരണം മുളപ്പിച്ച വിത്തുകൾ പോലും വിതയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. പ്രശ്‌നം ചൂണ്ടിക്കാട്ടി കർഷകർ മന്ത്രിയെയും കളക്ടറെയും സമീപിച്ചിരുന്നു.
നടപടികൾക്ക് നിർദ്ദേശം
വയലുകളിൽ നിന്ന് ഉപ്പുവെള്ളം നീക്കം ചെയ്യാൻ രണ്ടാം തീയതി ജില്ലാ കളക്ടർ ചെല്ലാനം ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. രണ്ടാഴ്ചത്തേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ മെക്കാനിക്കിനെ നിയമിക്കാനുള്ള തുക പൊക്കാളി നിലവികസന ഏജൻസിയുടെ ഫണ്ടിൽ നിന്ന് കളക്ടർ അനുവദിച്ചു. പുറംകായലിലെ വേലിയിറക്കം ഉപയോഗിച്ച് പത്താഴങ്ങളുടെ പലകകൾ താത്കാലികമായി നീക്കി അധികജലം ഒഴുക്കിക്കളയാനും ശേഷിക്കുന്ന വെള്ളം മോട്ടോറുകൾ ഉപയോഗിച്ച് പമ്പ് ചെയ്ത് കളയാനും തീരുമാനിച്ചിട്ടുണ്ട്.
വിത്ത് വിതയ്ക്കും
ഉപ്പുവെള്ളം പൂർണ്ണമായും ഒഴിവാക്കിയാൽ വൈകിയാണെങ്കിലും മാസം തന്നെ വിത്ത് വിതയ്ക്കാൻ കഴിയുമെന്നും കാലാവസ്ഥ അനുകൂലമായതിനാൽ നവംബർ അവസാനവാരത്തോടെ വിളവെടുക്കാൻ സാധിക്കുമെന്നും കർഷകർ പ്രതീക്ഷ പ്രകടിപ്പിച്ചു. 110 ദിവസം കൊണ്ട് വിളവെടുക്കാവുന്ന വിത്താണ് ഇവർ കൃഷിക്കായി ഉപയോഗിക്കുന്നത്.