kadhaprasagam-

പറവൂർ: കേരള സംഗീതനാടക അക്കാഡമിയുടെ നേതൃത്വത്തിൽ കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്ക‌ാരികവേദി, ഇ.എം.എസ് സാംസ്‌കാരിക പഠനകേന്ദ്രം, ജില്ലാ കേന്ദ്ര കലാസമിതി എന്നിവർ ചേർന്ന് കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂളിൽ സംഘടിപ്പിച്ച കഥാപ്രസംഗ മഹോത്സവം സംസ്ഥാന മദ്ധ്യമേഖലാ ശില്പശാല 'കഥാകാലം" ഇന്ന് സമാപിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. അക്കാദമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷനാകും. നടൻ ഗിന്നസ് പക്രു മുഖ്യാതിഥിയാകും.

ഉദ്ഘാടന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പറവൂർ നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, സംഗീതനാടക അക്കാഡമി നിർവാഹക സമിതിഅംഗം സഹീർ അലി, സ്വാഗതസംഘം ഭാരവാഹികളായ സൂരജ് സത്യൻ, വിനോദ്കുമാർ കൈതാരം, ഡി.ഡി. സഭ പ്രസിഡന്റ് സതീശൻ, സെക്രട്ടറി കെ.പി. സദാനന്ദൻ എന്നിവർ സംസാരിച്ചു.

അഭിനയവും കഥാപ്രസംഗവും എന്ന വിഷയത്തിൽ രജു ചന്ദ്രൻ, കഥാപ്രസംഗവും സാമൂഹ്യ വിമർശനവും എന്ന വിഷയത്തിൽ മുഖത്തല ശ്രീകുമാർ എന്നിവർ സംസാരിച്ചു. കാഥികരായ സുന്ദരൻ നെടുമ്പിള്ളി, ആലുവ മോഹൻരാജ് എന്നിവർ പ്രതിനിധികളുമായി കഥാപ്രസംഗ അനുഭവങ്ങൾ പങ്കിട്ടു. നടൻ വിനോദ് കെടാമംഗലം അതിഥി സംവാദം നടത്തി. സ്നേഹ മനീഷ്, ഭവ്യ ലക്ഷ്മി, സീന പള്ളിക്കര, വിനോദ് ചമ്പക്കര എന്നിവർ കഥാപ്രസംഗം അവതരിപ്പിച്ചു.