nellsd

കോലഞ്ചേരി: കിഴക്കമ്പലം നെല്ലാട് റോഡ് നിർമാണം ആധുനിക നിലവാരത്തിൽ പൂർത്തിയായതോടെ കുരുങ്ങി കറങ്ങുകയാണ് നെല്ലാട്. ക്രമാതീതമായ തോതിൽ വാഹനങ്ങൾ ഇതുവഴി വരുന്നതോടെ രാവിലെയും വൈകുന്നേരങ്ങളിലും നെല്ലാ‌ട് കടക്കാൻ പാടുപെടും. തേക്കടി എറണാകുളം സ്​റ്റേ​റ്റ് ഹൈവേയും നെടുമ്പാശേരി-കോട്ടയം ലിങ്ക് റോഡിന്റെ വാളകം മണ്ണൂർ റോഡും സംഗമിക്കുന്ന ജംഗ്ഷനാണിത്.

പതിനഞ്ച് വർഷമായി തകർന്ന് തരപ്പണമായി കിടന്ന കിഴക്കമ്പലം നെല്ലാട് റോഡ് ബി.എം, ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കിയതോടെ ലോറേഞ്ചിൽ നിന്ന് ഹൈറേഞ്ചിലേക്ക് പോകുന്ന വാഹനങ്ങളും എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കുള്ളവരും കൊച്ചി-ധനുഷ്കോടി ദേശീയപാത വഴി ഉപേക്ഷിച്ച് യാത്ര ഇതുവഴിയാക്കി. ദൂരക്കൂടുതലും തിരുവാങ്കുളത്തെ ഗതാഗതക്കുരുക്കുമാണ് പലരും ആ വഴി ഉപേക്ഷിക്കാൻ കാരണം.

പതിവായി അപകടം

വാളകം മണ്ണൂർ റോഡിൽ വഴി തിരിഞ്ഞു വരുന്ന അന്യ നാട്ടുകാരായ വാഹന ഡ്രൈവർമാർക്ക് കിഴക്കമ്പലം മൂവാ​റ്റുപുഴ റോഡിൽ കൂടി വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമേ കാണാൻ കഴിയൂ. അതോടെ അപകടവും പതിവായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ സ്വകാര്യ ബസും നെല്ലാട് വാളകം റോഡിലൂടെ എത്തിയ കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ പ​റ്റി.

മൂവാ​റ്റുപുഴയിൽ എം.സി റോഡ് അ​റ്റകു​റ്റപ്പണിയും കച്ചേരിത്താഴത്തെ പാലം അപകടാവസ്ഥയും മൂലം മാറാടിയിൽ നിന്നും മണ്ണൂർ ഭാഗത്തുനിന്നും വഴിതിരിച്ചു വിടുന്ന വാഹനങ്ങൾ നെല്ലാട് വഴിയാണ് വരുന്നത്.

വാളകത്തു നിന്നും മണ്ണൂർ കടന്ന് എം.സി റോഡ് പി‌ടിക്കാനുള്ള വലിയ കണ്ടെയ്നർ അടക്കമുള്ള വാഹനങ്ങളും ഇതുവഴിയാണ് യാത്ര.

പെരുമ്പാവൂർ നിന്ന് മൂവാറ്റുപുഴ പോകാതെ കൊച്ചി ധനുഷ്കോടി ദേശീയപാതയിലേയ്ക്ക് പോകുന്ന വാഹനങ്ങളും ഇതുവഴിയെത്തും.

വീതി കുറഞ്ഞ റോഡിൽ അനധികൃത പാർക്കിംഗ് കൂടുതലാണ്. മൂവാ​റ്റുപുഴയിലെ ഗതാഗത നിയന്ത്റണത്തിന്റെ ഭാഗമായി തിരക്ക് അനുഭവപ്പെടുന്ന നെല്ലാട് രാവിലെയും വൈകിട്ടും ട്രാഫിക് പൊലീസിന്റെ സേവനം വേണം.ട്രാഫിക് സിഗ്‌നലുകൾ കൂടി സ്ഥാപിച്ചാൽ ഒരു പരിധിവരെ തിരക്ക് ഒഴിവാക്കാനാകും.

സി.കെ. വിനോദ് കുമാർ,

വ്യാപാരി

നെല്ലാട്