കൊച്ചി: നഗരത്തിലെ റോഡിലെ മഴക്കുഴിയിൽ നടുവൊടിയുന്ന യാത്രക്കാരെ മണിക്കൂറുകളോളും നിരത്തിൽ വലച്ച് ഗതാഗതക്കുരുക്കും. കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ മണിക്കൂറുളോളം ഇന്നലെ സ്തംഭിച്ചു. വാഹനങ്ങൾ നിരത്തിലൂടെ നിരങ്ങി നീങ്ങുകയായിരുന്നു.
വിദ്യാലയങ്ങൾ അവധിയായിരുന്നിട്ടും കനത്ത മഴ പെയ്തതോടെ വാഹനങ്ങൾ നീണ്ട കുരുക്കിൽ പെട്ടു. ആംബുലൻസുകൾ ഉൾപ്പെടെ വലഞ്ഞു. റോഡുകളുടെ തകർച്ച, മെട്രോ നിർമ്മാണം, മീഡിയൻ നിർമ്മാണത്തിലെ അപാകത എന്നിവയെല്ലാം കുരുക്ക് വർദ്ധിപ്പിച്ചു.
ഗോശ്രീ ഒന്നാം പാലം, ഇടപ്പള്ളി ബൈപാസ്, പാലാരിവട്ടം- കാക്കനാട് റൂട്ട്, കളമശേരി, തമ്മനം -പുല്ലേപ്പടി റൂട്ട്, കലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ ബൈപ്പാസ് ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം ദീർഘനേരത്തെ കുരുക്കായിരുന്നു.
ഗോശ്രീ ഒന്നാം പാലം: പാലത്തിലെ ടാറിംഗ് തകർന്നതോടെ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇന്നലെ മണിക്കൂറുകളോളം നീണ്ട ബ്ലോക്കായിരുന്നു . പാലത്തിലേക്ക് പ്രവേശിക്കുന്ന റൗണ്ടിനു സമീപത്ത് വീതി കുറഞ്ഞതും പ്രശ്നമായി.
ഇടപ്പള്ളി ബൈപ്പാസ്: സിഗ്നൽ ജംഗ്ഷനിലെ നിർമ്മാണവും അടിക്കടിയുണ്ടാകുന്ന സിഗ്നൽ പരിഷ്‌കാരവും ഗതാഗത കുരുക്ക് വർദ്ധിപ്പിച്ചു. ദേശീയപാതയുടെ നിർമ്മാണവും സമാന്തരമായി നടക്കുന്നതും പ്രതിസന്ധിയാണ്.
കളമശേരി: വമ്പൻ ഗതാഗത കുരുക്കഴിച്ച് സുഗമമാക്കിയ കളമശേരിയിൽ അടുത്ത ദിവസങ്ങളില് പഴയ പടിയായി. എച്ച്.എം.ടി ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നിടത്ത് വീണ്ടും സിഗ്നൽ പോയിന്റ് വന്നതും പാലത്തിലെ ടാറിംഗ് തകർന്നതുമാണ് പ്രധാന പ്രശ്‌നം.
തമ്മനം- പുല്ലേപ്പടി റൂട്ട്: വിവിധയിടങ്ങളിലെ ടാറിംഗ് തകർന്നതോടെ തമ്മനം പുല്ലേപ്പടി റൂട്ടിൽ ഇന്നലെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
പാലാരിവട്ടം- കാക്കനാട് റൂട്ട്: മെട്രോ നിർമ്മാണത്തെത്തുടർന്ന് വലിയ ഗതാഗത കുരുക്കുള്ള റൂട്ടിൽ ഇന്നലെയും അത് തുടർന്നു.
ചേരാനല്ലൂർ ബൈപ്പാസ് ജംഗ്ഷൻ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മേൽപ്പാലം നിർമ്മാണം നടക്കുന്ന ഭാഗം. ആലുവ, ഹൈക്കോടതി ജംഗ്ഷൻ, ഇടപ്പള്ളി, പറവൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ഇവിടെ ഹോം ഗാർഡുകളോ ട്രാഫിക് പൊലീസോ സിഗ്നലോ ഒന്നുമില്ല.
വൈറ്റില: പതിവു പോലെ വാഹനങ്ങളുടെ നീണ്ട നിരയാണ് വൈറ്റില ജംഗ്ഷനിലുണ്ടായത്.
കൊച്ചിയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ശ്രമിക്കും. വിവിധ ഏജൻസികളുമായും വകുപ്പുകളുമായും ആലോചിച്ച് നടപടി.
ജി. പ്രിയങ്ക
ജില്ലാ കളക്ടർ
(മീറ്റ് ദ പ്രസിൽ പറഞ്ഞത്.)