p-rajeev

ആലുവ: കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകളുടെ പ്രധാനകുടിവെള്ള സ്രോതസായിരുന്ന ഓഞ്ഞിത്തോടിനെ പുനർജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജീവൻ വയ്ക്കുന്നു. മൂന്നര പതിറ്റാണ്ടായി ഒഴുക്കില്ലാതെ പാഴ്‌ചെടികളും പായലുംമൂടി നിരവധി കൈയ്യേറ്റങ്ങൾക്കും വിധേയമായി കിടക്കുന്ന തോട് വീണ്ടെടുക്കാനുള്ള പ്രവർത്തനത്തിലാണ് ഇരുഗ്രാമപഞ്ചായത്തുകളും.
റവന്യു, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാപ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് ഓഞ്ഞിത്തോടിന്റെ സംരക്ഷണത്തിന് നടപടിയെടുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

ഓഞ്ഞിത്തോടുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്ത് അധികൃതരുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡി.പി.ആർ തയ്യാറാക്കി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഓഞ്ഞിത്തോട്ടിലെ പായലുകളും പാഴ്ചെടികളും നീക്കി നീരൊഴുക്ക് വർദ്ധിപ്പിക്കാൻ 1.40 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മൂട്ടത്തിൽ അദ്ധ്യക്ഷനായി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ഓഞ്ഞിതോട് സംരക്ഷണസമിതി രക്ഷാധികാരി ശ്രീമൻ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാതോമസ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, തഹസിൽദാർ ജയിംസ്, മൈനർ ഇറിഗേഷൻ അസി. എൻജിനീയർ സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറിമാരായ ജോസ് ഷിനോയ്, ലോറൻസ് എന്നിവർ സംസാരിച്ചു.

തോടിനായി കോടതിയിൽ

ഏലക്കര വരട്ടുപുഴയിൽ നിന്ന് തുടങ്ങി കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്ത് പ്രദേശങ്ങളിലൂടെ 7.5 കിലോമീറ്റർ ഒഴുകി എടയാറിൽ പെരിയാറിൽത്തന്നെ ചേരുന്ന കൈവഴിയാണ് ഓഞ്ഞിത്തോട്. ആലങ്ങാട്ടിലെയും കടുങ്ങല്ലൂരിലെയും കൃഷിയിടങ്ങളിലേക്കുള്ള ജലമൊഴുക്കും ഓഞ്ഞിത്തോട്ടിൽ നിന്നായിരുന്നു. കാലാന്തരത്തിൽ ഓഞ്ഞിത്തോട് പായലും കാടുംമൂടി നീരൊഴുക്ക് നിലച്ച അവസ്ഥയിലായി. തീരം കൈയേറാനും മാലിന്യങ്ങൾ നിക്ഷേപിക്കുവാനും തുടങ്ങി. സമീപത്തെ കിണറുകളിലേക്ക് ഓഞ്ഞിത്തോട്ടിലെ മലിനജലം ഊർന്നിറങ്ങി.

ഓഞ്ഞിതോട് പുനരുദ്ധരിയ്ക്കുന്നതിനുള്ള ജില്ലാഗ്രാമപഞ്ചായത്തുകളുടെ ശ്രമം വിജയിച്ചില്ല. തുടർന്ന് നാട്ടുകാർ ഓഞ്ഞിത്തോട് സംരക്ഷണസമിതി രൂപവത്കരിച്ച് ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരം സർവേയ്ക്ക് സ്‌പെഷ്യൽ ടീമിനെ കളക്ടർ ചുമതലപ്പെടുത്തി.

ഇരുപഞ്ചായത്തുകളുമായി 15 കിലോമീറ്റർ സർവ്വെ നടത്തി 587 കുറ്റികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സർവ്വെയിലൂടെ ലഭ്യമായ സ്ഥലത്തെ വൃക്ഷങ്ങൾ, നിർമ്മിതികൾ എന്നിവ കണ്ടെത്തി ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വെള്ളം ഒഴുക്കുന്നതിന് തടസമായ നാല് പാലങ്ങൾ പൊളിച്ച് പുതുക്കി പണിയണം.

1.40 കോടി

തോടിനായി പി.രാജീവ് അനുവദിച്ച തുക