ആലുവ: ആലുവ - മൂന്നാർ റോഡിൽ ചൂണ്ടി കവലയിലെ അറ്റകുറ്രപ്പണി പാതിവഴിയിൽ മുടങ്ങിയതോടെ കിലോമീറ്ററുകളോളം റോഡ് ഗതാഗതകുരുക്കിലായി. ബസുകൾ കീഴ്മാട്, എടയപ്പുറം, തോട്ടുമുഖം വഴികളിലൂടെയെല്ലാം സർവീസ് നടത്തിയതും യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച്ച രാത്രി ചൂണ്ടി റേഷൻ കടയ്ക്ക് മുമ്പിലെ കുഴികൾ അടക്കുന്നതിനായി നിലവിലുണ്ടായിരുന്ന കോൺക്രീറ്റ് കട്ടകൾ നീക്കി. അവിടെ വലിയ ഗർത്തമായി രൂപപ്പെട്ടു. തുടർന്നുള്ള ജോലികൾ വെള്ളിയും ഇന്നലെയും മുടങ്ങി. ഇന്നലെ ശക്തമായ മഴയും പെയ്തതോടെ കുഴിയുടെ ആഴം അറിയാത്തതിനാൽ വാഹനങ്ങളെല്ലാം പതുക്കെ സഞ്ചരിച്ചത് കുരുക്ക് ഇരട്ടിയാക്കി.