swami
ആലുവ അസ്ഹറുൽ ഉലൂം ക്യാമ്പസിൽ നടന്ന വേദ വിദ്യാർത്ഥികളുടെ സംഗമം 'മാനവീയം 2025' ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദർശനം ലോകത്തിന് ഏറ്റവുമധികം ആവശ്യമായ സന്ദർഭമാണിതെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

'വി ദ പീപ്പിൾ ഒഫ് ഇന്ത്യ" എന്ന പേരിൽ വിവിധ മതങ്ങളിലെ വേദ വിദ്യാർത്ഥികളുടെ ഒത്തുചേരൽ 'മാനവീയം 2025" ആലുവ അസ്ഹറുൽ ഉലൂം ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

മതത്തിന്റെ ഏകത്വം ഉൾക്കൊണ്ട് രാജ്യത്തിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കാൻ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം. ലോകത്തിന് മാതൃകയായി നമ്മുടെ രാജ്യം കാത്തു സൂക്ഷിക്കുന്ന മഹത്തായ മൂല്യമാണ് മതേതരത്വം. മതപരിവർത്തനമല്ല, മന:പരിവർത്തനമാണ് നടക്കേണ്ടതെന്നും സ്വാമി പറഞ്ഞു.

അസ്ഹറുൽ ഉലൂം പ്രിൻസിപ്പൽ എം.പി. ഫൈസൽ അസ്ഹരി അദ്ധ്യക്ഷനായി.

നല്ല മനുഷ്യരാവുക എന്നതാണ് മതങ്ങൾ പഠിപ്പിക്കുന്നതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നാളെയുടെ മുതൽ കൂട്ടായി മാറേണ്ട വേദ വിദ്യാർത്ഥികൾക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴ അതിരൂപത ബിഷപ്പ് ആന്റണി വാലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ഭരണഘടനാ സന്ദേശം നൽകി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ സാഹോദര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, നിരണം ഭദ്രാസനം മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്, അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സെക്രട്ടറി ടി. മുഹമ്മദ് വേളം, അഡ്വ. മുഹമ്മദ് ഷാ, കെ.കെ. സലീം, സുനിൽ ഘോഷ് എന്നിവർ സംസാരിച്ചു.