പെരുമ്പാവൂർ: തൊഴിൽ തർക്കത്തിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനെ കമ്പനി ജീവനക്കാർ മർദ്ദിച്ചു. കാഞ്ഞിരക്കാട് കൊടിമറ്റത്തിൽ സുമേഷിനാണ് (42 ) മർദ്ദനമേറ്റത്. ഏഴ് സി.ഐ.ടി.യു തൊഴിലാളികൾക്കും മർദ്ദനമേറ്റു. പെരുമ്പാവൂർ ലേബർ ഓഫീസിന് മുന്നിൽ ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. ഗോദ്‌റേജ് കമ്പനിയുടെ ലോക്കർ കാനറ ബാങ്കിൽ ഇറക്കുന്നത് സംബന്ധിച്ച് സി.ഐ.ടി.യു തൊഴിലാളികളുമായുള്ള തർക്കം പരിഹരിക്കുന്നതിന് ലേബർ ഓഫീസിൽ ചർച്ച നടക്കുകയായിരുന്നു. ഇതിനിടെ പതിനഞ്ചോളം കമ്പനി ജീവനക്കാരും തൊഴിലാളികളും ഓഫീസിന് പുറത്ത് തർക്കിക്കുന്നത് കണ്ട സുമേഷ് വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ സുമേഷിനെയും തൊഴിലാളികളെയും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ പൊലീസ് കേസെടുത്തു.