അങ്കമാലി: മനുഷ്യവന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി വനമേഖലയിൽ 'വിത്തൂട്ട്' എന്ന പേരിൽ പുതിയൊരു പദ്ധതിക്ക് തുടക്കമായി.
വാഴച്ചാൽ ഡിവിഷനിലെ അതിരപ്പിള്ളി റേഞ്ചിൽപ്പെട്ട ഒലിവേലിച്ചിറ വനപ്രദേശത്താണ് പരീക്ഷണാർത്ഥം ഫലവൃക്ഷ വിത്തുകൾ വിതറിയത്. റോജി എം. ജോൺ എം.എൽ.എ. പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാഴച്ചാൽ ഡി.എഫ്.ഒ. സുരേഷ് ബാബു ഐ.എസ്. അദ്ധ്യക്ഷത വഹിച്ചു.
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ്, സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ആന്റു, മൂക്കന്നൂർ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. മൈക്കിൾ, സിജി ജിജു, മുൻപ്രസിഡന്റ് ടി.എം. വർഗീസ്, അതിരപ്പിള്ളി റേഞ്ച് ഓഫീസർ വി.ജെ. ജിഷ്മ, ഒലിവേലിച്ചിറ വനം സംരക്ഷണ സമിതി പ്രസിഡന്റ് കെ.ടി. ഷാജു എന്നിവരും പങ്കെടുത്തു.
'വിത്തൂട്ട്' പദ്ധതി
വന്യജീവികൾക്ക് അവയുടെ ആവാസവ്യവസ്ഥയിൽ തന്നെ ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയാണ് പരീക്ഷണ പദ്ധതിയുടെ ലക്ഷ്യം. വനത്തിനുള്ളിൽ തന്നെ പ്ലാവ്, മാവ്, ആഞ്ഞിലി, ഞാവൽ തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിത്തുകൾ വിതച്ചാണ് നടപ്പാക്കുന്നത്.
വന്യമൃഗങ്ങൾ വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പാണ് പദ്ധതി. ഒലിവേലിച്ചിറ വനംസംരക്ഷണസമിതി അംഗങ്ങളും ചുള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.