1
പത്താം ഡിവിഷനിലെ സ്മാർട്ട് റോഡ്

മട്ടാഞ്ചേരി: സ്ഥിര വെള്ളക്കെട്ട് പ്രദേശമായ നഗരസഭ പത്താം ഡിവിഷനിലെ സെന്റ് ആന്റണീസ് ചാപ്പലിന് സമീപത്തെ റോഡ് ഇന്ന് സ്മാർട്ട് റോഡായി മാറി. 187 മീറ്റർ നീളമുള്ള ഈ റോഡ് കൗൺസിലർ ബാസ്റ്റ്യൻ ബാബുവിന്റെ നേതൃത്വത്തിൽ ആരേയും ആകർഷിക്കും വിധം മനോഹരമാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചി നഗരസഭയിലെ ആദ്യ സ്മാർട്ട് റോഡാണിതെന്ന് കൗൺസിലർ പറയുന്നു. പത്ത് വർഷം പഴക്കമുള്ള കോൺക്രീറ്റ് കട്ടകൾ ആന്റി സ്‌ളിപ്പിംഗ് പെയിന്റ് അടിച്ച് മനോഹരമാക്കി വിരിച്ചതിനാൽ ചെലവ് കുറഞ്ഞ് കിട്ടി.

നഗരസഭാ ഫണ്ടിൽ നിന്നാണ് റോഡ് നിർമ്മാണത്തിനുള്ള തുക ചെലവഴിച്ചത്. റോഡിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനായി. ഫാ. ഇമ്മാനുവൽ പൊള്ളയിൽ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ഡി. വൽസല കുമാരി, സീന ഗോകുലൻ, ടി.കെ. അഷറഫ്, ജെ. സനിൽ മോൻ, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബാസ്റ്റ്യൻ ബാബു എന്നിവർ സംസാരിച്ചു.

പ്രത്യേകതകൾ നിരവധി

1. അലങ്കാര വിളക്കുകൾ

2.നിരീക്ഷണ ക്യാമറകൾ

3. ഏത് സമയവും സംഗീത മയമാക്കാൻ സ്പീക്കറുകൾ

4.കാനയിൽ സ്ലാബുകൾക്ക് പകരം ശുചീകരണം നടത്താൻ കഴിയുംവിധം മാൻഹോളുകൾ

5.സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിഫ്‌ളക്ടറുകൾ

6. റോഡിന്റെ ഇരുവശത്തും കമാനങ്ങൾ

7. ഐ ലവ് കൊച്ചി എന്ന സെൽഫി പോയിന്റ്