nh-66-varapuzha-palam

പറവൂർ: പുതിയ ദേശീയപാത 66ൽ വരാപ്പുഴ പാലം നിർമ്മിക്കുന്നതിനിടെ സ്പാൻ ഷട്ടറിന്റെ കുത്തുകാലുകൾ ഒരു വീടിന് മുകളിലേക്ക് തകർന്നു വീണു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വരാപ്പുഴ മണ്ണംതുരുത്ത് ഫെറി റോഡിൽ മാമ്പിള്ളി ഫ്രാൻസിസിന്റെ വീടിന്റെ മുൻഭാഗത്തേക്കാണ് ഷട്ടർ വീണത്.
അപകടത്തിൽ വീടിന്റെ കാർപോർച്ചിന്റെ ഒരുഭാഗം തകർന്നു. വീടിന്റെ ഭിത്തികൾക്കും വിള്ളലുണ്ടായി. വലിയ ഷട്ടറുകൾ താങ്ങിനിർത്തുന്ന കുത്തുകാലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ താഴേക്ക് വലിച്ചെറിയുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. സാധാരണയായി ക്രെയിൻ ഉപയോഗിച്ചാണ് ഇത്തരം ഭാരമുള്ള സാധനങ്ങൾ താഴെയിറക്കാറുള്ളത്. എന്നാൽ, അലക്ഷ്യമായി താഴേക്കിടുമ്പോൾ വലിയ ശബ്ദമുണ്ടാകുന്നത് രാത്രികാലങ്ങളിൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും അവർ പറയുന്നു.