ആലുവ: കനത്തമഴയിൽ വീടിന്റെ ഭിത്തിയോട് ചേർന്ന് മണ്ണിടിഞ്ഞതോടെ നിർദ്ധന കുടുംബം അപകട ഭീതിയിലായി. എടത്തല ഗ്രാമപഞ്ചായത്ത് 12-ാ വാർഡിൽ തേവക്കൽ കൈലാസ് കോളനി റോഡിൽ പനക്കൽ വീട്ടിൽ മാർട്ടിനും കുടുംബവുമാണ് അപകട ഭീഷണി നേരിടുന്നത്.
ഇന്നലെ പുലർച്ചെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് വട്ടമാണ് മണ്ണിടിച്ചിലുണ്ടായത്.
മൂന്നര സെന്റ് ഭൂമിയിലാണ് മാർട്ടിനും കുടുംബവും താമസിക്കുന്നത്. വീടിന് പിന്നിൽ 25 അടിയിലേറെ താഴ്ച്ചയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഉയർന്ന പ്രദേശമായതിനാലും സ്ഥലം കുറവായതിനാലും മാർട്ടിൻ വീട് നിർമ്മിച്ചപ്പോൾ ആഴത്തിൽ കോൺക്രീറ്റ് പില്ലർ നിർമ്മിച്ചതാണ് വീടിന് ഇപ്പോൾ സുരക്ഷയായത്. അടുക്കളയുടെ അടിയിൽ നിന്ന് വരെ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും വീടും നിലംപൊത്താവുന്ന സ്ഥിതിയാണ്.
കടത്തുരുത്തിയിൽ എസ്.വി.ഡി പ്രാർത്ഥന കേന്ദ്രത്തിലെ ഗായകനായ മാർട്ടിൻ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. പഞ്ചായത്ത് - വില്ലേജ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. എടത്തല തേവക്കൽ ഭാഗത്ത് വ്യാപകമായി മണ്ണ് നീക്കിയതിനാൽ പലയിടത്തും അപകട ഭീഷണിയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മാസം 26ന് തേവക്കൽ കൈലാസ് നഗറിൽ കത്താംപുറം വീട്ടിൽ ലൈജുവിന്റെ രണ്ടര വർഷം മാത്രം പഴക്കമുള്ള വീട് തകർന്നിരുന്നു. വീടിന് പിന്നിലെ മലയിടിഞ്ഞ് വീണ് വീടിന്റെ ഭിത്തി തകരുകയായിരുന്നു. ശബ്ദം കേട്ട് ലൈജു ഓടി രക്ഷപ്പെടുകയായിരുന്നു.