parking
ദേശീയപാതയി​ൽ കളമശേരിയിലെ അനധികൃത പാർക്കിംഗ്

കളമശേരി: ദേശീയ, സംസ്ഥാനപാതകളിൽ അനധികൃത പാർക്കിംഗ്

ഗതാഗതക്കുരുക്കൊരുക്കുന്നു. കാൽനടയാത്രയും ദുരിതമാക്കുന്നു.

മെട്രോസിറ്റിയുടെ സാറ്റലൈറ്റ് നഗരമായ കളമശേരി, ഇടപ്പള്ളി ബൈപ്പാസ് കവല മുതൽ മുട്ടം വരെയുള്ള ഭാഗത്ത് കുരുക്കോടുകുരുക്കാണ്. അപ്പോളോ കവല മുതൽ ടി.വി.എസ് കവലവരെ പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്. എച്ച്.എം.ടി കവല മുതൽ അപ്പോളോ കവലവരെയും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇടപ്പള്ളി ടോൾ കവല, പത്തടിപ്പാലം തുടങ്ങി ദേശീയപാതയുടെ ഇരുഭാഗത്തും അനധികൃത പാർക്കിംഗ് പതി​വായി​. ഇതി​നെതി​രെ നടപടിയെടുക്കാൻ പൊലീസ് മടി​ക്കുകയാണെന്നാണ് പരാതി​.

പത്തടിപ്പാലത്ത് പടുകൂറ്റൻ ടാങ്കർ ലോറികൾ അടക്കം റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നത് നിത്യസംഭവമാണ്.

പത്തടിപ്പാലത്ത് തട്ടുകടകൾ അപകടഭീഷണി ഉണ്ടാക്കുന്നുവെന്ന ട്രാഫിക് പൊലീസിന്റെ കത്തിനെ തുടർന്നാണ് നഗരസഭ ഈ ഭാഗത്തെ കടകൾ ഒഴിവാക്കിയത്. എന്നാൽ ഇപ്പോൾ ഈ ഭാഗത്ത് പാർക്കിംഗ് ലൈറ്റുപോലും പ്രകാശിപ്പിക്കാതെ റോഡിൽ രണ്ട് നിരകളിലായി വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. തെരുവ് വിളക്കുകൾ ഇല്ലാത്ത റോഡി​ൽ ഇത് അപകടസാദ്ധ്യത വർദ്ധി​പ്പി​ക്കുന്നു.

വല്ലാർപാടം കണ്ടെയ്നർ റോഡിലും സീപോർട്ട് എയർപോർട്ട് റോഡിലും അനധികൃത പാർക്കിംഗ് ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗങ്ങളിൽ ടാങ്കർ ലോറികൾ അടക്കം കണ്ടെയ്നർ ലോറികളുടെ നീണ്ടനിര കാണാം. അനധികൃത പാർക്കിംഗി​ന്റെയും തെരുവുവിളക്ക് കത്താത്തതിന്റെയും മറവിലാണ് സാമൂഹ്യവിരുദ്ധർ റോഡരി​കി​ൽ മാലിന്യങ്ങൾ തള്ളുന്നത്.