മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് സൂചിക ബോർഡിലും തെരുവുവിളക്കിന്റെ തൂണിലും ഇടിച്ച് അപകടം. ഇന്നലെ രാവിലെ 9 മണിയോടെ മൂവാറ്റുപുഴ പി.ഒ. ജംഗ്ഷനിൽ ഹോളി മാഗി പള്ളിക്ക് മുന്നിലാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തുനിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ സൂചികാ ബോർഡ് തകർത്ത ശേഷം തെരുവുവിളക്ക് തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായി തകർന്നു. ബസിന്റെ ജോയിന്റ് പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കച്ചേരിത്താഴത്ത് ഗർത്തം രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടതിനാൽ അപകടസമയത്ത് റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. ഇത് വലിയൊരു ദുരന്തം ഒഴിവാക്കി.