rambootan

മൂവാറ്റുപുഴ: റംബുട്ടാന്റെ വിലയിടിവ് മൂലം പഴം കച്ചവടക്കാർ പിന്മാറിയതോടെ പ്രതിസന്ധിയിലായ റംബൂട്ടാൻ കർഷകർക്ക് ആശ്വാസമായി സംസ്ഥാന കൃഷി വകുപ്പ്. ഹോർട്ടികോർപ്പ് വഴി റംബുട്ടാൻ സംഭരിക്കുവാനുള്ള നടപടികൾക്ക് തുടക്കമായി.

കേരളത്തിൽ എക്സോട്ടിക്‌ ഫ്രൂട്ട്സ് കൃഷി പ്രൊമോട്ട് ചെയ്യുന്നതിന് ഫ്രൂട്ട്സ് കർഷകർ ആരംഭം കുറിച്ച ഫ്രൂട്ട്സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ നിന്നാണ് ഹോർട്ടി കോർപ്പ് ഡിപ്പാർട്ട്മെന്റ് റംബുട്ടാൻ സംഭരിക്കുന്നത്. ഇന്നലെ കലൂർ കൊച്ചുകുടി നഴ്സറി ജംഗ്ഷനിൽ നടന്ന സംഭരണ ഉദ്ഘാടന ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഹോർട്ടിക്രോപ് റീജിയണൽ മാനേജരുമായ ജിജേഷ് സി.വി. റംബൂട്ടാൻ ഫ്രൂട്ട്സ് വാലി ചെയർമാൻ അഡ്വ. ബിജു പറയന്നിലം, ഡയറക്ടർ ജോസി കൊച്ചുകുടി എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. റംബുട്ടാൻ കർഷകരുടെ പ്രതിസന്ധി അറിഞ്ഞ ഉടൻ കൃഷി മന്ത്രി പി പ്രസാദ് ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാലിന് റംബുട്ടാൻ സംഭരിക്കുവാൻ നിർദേശം നൽകുക യായിരുന്നു.

ചടങ്ങിൽ കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.എം. ദിനകരൻ , മുൻ എം.എൽ.എ ബാബുപോൾ , ജോളി പൊട്ടക്കൽ, ഐഷാ മോൾ , ഷിവാഗോ തോമസ്, കെ.എ. നവാസ്, വിൻസെൻ ഇല്ലിക്കൽ , ജോസ് ജേക്കബ്, ജോമോൻ. എം.ആർ., പി.എസ്.അയ്യപ്പൻ നായർ, സജിത്ത് എം എസ്, അനസ് മുഹമ്മദ്‌ , മാനേജർ സജി വടക്കേൽ എന്നിവർ പ്രസംഗിച്ചു.

 140 രൂപയ്ക്ക് സംഭരണം

3000 കിലോ ഗ്രാം റംബൂട്ടാനാണ് ഏറ്റുവാങ്ങിയത്. 140 രൂപയ്ക്കാണ് ഹോർട്ടികോർപ്പ് റംബുട്ടാൻ സംഭരിക്കുന്നത്. റംബുട്ടാൻ മരങ്ങൾക്ക് വല ഇട്ട് പഴം പറിച്ച് ഗ്രേഡ് ചെയ്ത് മാർക്കറ്റിൽ എത്തിക്കുമ്പോൾ പഴത്തിന്റെ വിലയ്ക്ക് പുറമെ കിലോക്ക് 40 രൂപ മുടക്കാകും.

വിലയിടിയുമ്പോൾ പഴം സൂക്ഷിക്കുവാനും ഉപഉപത്പന്നങ്ങൾ ഉണ്ടാക്കുവാനും സർക്കാരിന്റെ സഹായം ആവശ്യമാണ്.

ജോസി കൊച്ചുകുടി

ഫ്രൂട്ട്സ് വാലി ഡയറക്ടർ