പെരുമ്പാവൂർ: പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും കഴിഞ്ഞ എട്ട് മാസമായി ഹൈ മാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല. വെളിച്ചമില്ലാത്തതിനാൽ ഈ പ്രദേശങ്ങൾ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെയും തെരുവ് നായകളുടെയും താവളമായി മാറിയിരിക്കുകയാണ്.
പാത്തി പാലം മുതൽ ഇ.വി.എം. തിയേറ്റർ വരെയുള്ള ബസ് സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ് റോഡ്, മുകളിലെ സ്റ്റാൻഡിലേക്കുള്ള വഴി എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമാണ്. ലൈറ്റില്ലാത്തത് നിരോധിത ലഹരിവസ്തുക്കളുടെയും പുകയില ഉത്പ്പന്നങ്ങളുടെയും വില്പനയ്ക്ക് കളമൊരുക്കുന്നു. ഇതിനുപുറമെ, പിടിച്ചുപറികളും മറ്റ് കുറ്റകൃത്യങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്. പകൽസമയത്ത് പോലും നായകൾ കൂട്ടമായി നിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണ്. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ രൂക്ഷമായിട്ടും അധികാരികൾ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.