subramanyan

പെരുമ്പാവൂർ: പെരുമ്പാവൂർ അഗ്‌നിരക്ഷാനിലയത്തിൽ നിന്ന് ഈ മാസം 31ന് വിരമിച്ച സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) പി.എൻ. സുബ്രഹ്മണ്യൻ 2025ലെ അഗ്‌നിശമന സേനാ മെഡലിന് അർഹനായി. ഈ വർഷം കേരളത്തിൽ നിന്ന് മെഡൽ ലഭിച്ച ആറ് പേരിൽ ഒരാളാണ് അദ്ദേഹം. 2024ലെ മുഖ്യമന്ത്രിയുടെ അഗ്‌നിശമന സേവാ മെഡലും ലഭിച്ചിട്ടുണ്ട്.
2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഡിസ്‌ക് ആൻഡ് കമന്റേഷൻ സർട്ടിഫിക്കറ്റ്, 2023ൽ മികച്ച സേവനത്തിന് ഡയറക്ടർ ജനറലിന്റെ 'ബാഡ്ജ് ഓഫ് ഹോണർ', ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചതിനുള്ള പ്രത്യേക സേവനത്തിന് ഡയറക്ടർ ജനറലിന്റെ 'സ്‌പെഷ്യൽ ബാഡ്ജ് ഓഫ് ഹോണർ', തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
2003ൽ ആലുവ കെ.എസ്.ആർ.ടി.സി. ഗ്യാരേജിന് സമീപം ടാങ്കർ ലോറിക്ക് തീപിടിച്ചപ്പോൾ നടത്തിയ സാഹസിക പ്രവർത്തനത്തിന് ജില്ലാ കളക്ടർ ഗുഡ് സർവീസ് സർട്ടിഫിക്കറ്റ് നൽകി സുബ്രഹ്മണ്യനെ ആദരിച്ചിരുന്നു. വയനാട് ദുരന്തത്തിൽ ആദ്യ മൂന്ന് ദിവസം രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് സേവനകാലത്തെ മറക്കാനാകാത്ത അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ മൂന്ന് സ്ഥലങ്ങളിലും സുരക്ഷാ ചുമതല വഹിച്ചിരുന്നു. ഏറ്റവും അപകടം നിറഞ്ഞ സ്‌ക്യൂബാ ഡൈവിംഗ് രക്ഷാപ്രവർത്തനങ്ങളിലും അദ്ദേഹം ആദ്യ ബാച്ച് മുതൽ ഭാഗമായിരുന്നു.
വേങ്ങൂർകൈപ്പിള്ളി പാറപ്പുറത്തുകൂടി വീട്ടിൽ നാരായണൻദേവകി ദമ്പതികളുടെ മകനാണ്. 1995ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം 30 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിച്ചത്. വിവിധ സ്റ്റേഷനുകളിലും അക്കാഡമികളിലും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പെരുമ്പാവൂർ അഗ്‌നിരക്ഷാ സേനയുടെ കീഴിൽ സിവിൽ ഡിഫൻസ് സേനാംഗമായി പ്രവർത്തിക്കുകയായിരുന്നു. 15 വർഷമായി അലങ്കാര മത്സ്യകൃഷി ചെയ്തുവരുന്ന അദ്ദേഹത്തിന് 2015ൽ മികച്ച മത്സ്യകർഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ ബിനി കൊമ്പനാട് സർക്കാർ യു.പി. സ്‌കൂളിൽ കെ.ജി. വിഭാഗത്തിൽ പ്രവർത്തിക്കുന്നു.