uniin-sndp

പെരുമ്പാവൂർ : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖയുടെ നേതൃത്വത്തിൽ പതാക ദിനാചരണം നടന്നു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ശാഖാങ്കണത്തിൽ പതാക ഉയർത്തി.

ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന 17 കുടുംബയോഗ ആസ്ഥാനങ്ങളിലും പതാക ഉയർത്തി. ശ്രീനാരായണ ഗുരുദേവന്റെ ഗുരുജയന്തിയുടെ ഭാഗമായി 856-ാം നമ്പർ ഒക്കൽ ശാഖയിൽ വിപുലമായ പരിപാടികൾ നടക്കും.

171-ാമത് ജയന്തി ദിനാഘോഷവും ശാഖാങ്കണത്തിൽ സ്ഥാപിതമായ ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠയുടെ 39-ാമത് വാർഷികവും സെപ്തംബർ ഏഴിന് വിവിധ കുടുംബയോഗങ്ങൾ, യൂത്ത്‌മൂവ്‌മെന്റ്, വനിതാസംഘം, ബാലജനസംഘം, കുമാരിസംഘം, മൈക്രോ ഫിനാൻസ്, ഗുരുധർമ്മ പ്രചാരണസഭ, ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കും.

ഒക്കൽ ശാഖാ പ്രസിഡന്റ് എം.ബി. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.ഡി. സുഭാഷിതൻ, വൈസ് പ്രസിഡന്റ് കെ.എസ്. മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം ടി.എൻ. നിഖിൽ, കമ്മിറ്റി അംഗങ്ങളായ എം.വി. ഗിരീഷ്, എം.ജി. ശ്രീനിവാസൻ, ടി.ബി. ഷിബു, എന്നിവർ സംസാരിച്ചു.